കോഴിക്കോട് കല്ലായി പുഴ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമാകുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യമാണ് കല്ലായിപ്പുഴ വീണ്ടെടുക്കല്‍. പുഴയുടെ ആഴം കൂട്ടുമ്പോള്‍, പുഴയുടെ അടിത്തട്ടില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത മണലും മാലിന്യവും കടലില്‍ നിക്ഷേപിക്കുന്നതില്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. സമുദ്രജീവികള്‍ക്ക് ഹാനികരവും ,അപകടകരമായ വസ്തുക്കള്‍ ഈ മാലിന്യത്തില്‍ അടങ്ങിയിരിക്കാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങള്‍ അധികവും ഒഴുകിയെത്തുന്നത് കല്ലായി പുഴയിലേക്കാണ്. പുഴയില്‍ നിന്ന് കുഴിച്ചെടുക്കുന്ന മണലും മാലിന്യങ്ങളും നാല് മുതല്‍ 4.5 കിലോമീറ്റര്‍ വരെ ദൂരത്തുളള ആഴക്കടലില്‍ നിക്ഷേപിക്കാനാണ് നിലവിലെ പദ്ധതി. കടലില്‍ നാല് കിലോമീറ്റര്‍ ദൂരത്തേക്ക് നിക്ഷേപിക്കുന്ന മാലിന്യം ഏറെ കഴിയും മുമ്പെ വീണ്ടും തീരത്തേക്ക് അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി, മൈക്രോപ്ലാസ്റ്റിക്, പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍, ലോഹ അവശിഷ്ടങ്ങള്‍ തുടങ്ങിയ മറ്റ് മാലിന്യങ്ങള്‍ പോലുള്ള അപകടകരമായ വസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കാം. സമുദ്രജീവികള്‍ക്ക് ഈ പദാര്‍ത്ഥങ്ങള്‍ വിഴുങ്ങാന്‍ കഴിയും, അത് ഒടുവില്‍ മനുഷ്യ ഭക്ഷണ ശൃംഖലയില്‍ അവസാനിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ഇത്തരം മാലിന്യങ്ങള്‍ ദേശീയ പാത നിര്‍മ്മാണം നടക്കുന്നിടത്തോ, അല്ലെങ്കില്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണം പോലുള്ള പദ്ധതികള്‍ക്കോ ഉപയോഗിക്കാമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നു. അത്തരം പ്രവർത്തികള്‍ക്ക് ഗണ്യമായ അളവില്‍ മണ്ണ് ആവശ്യമാണ്. പുഴയിലെ മാലിന്യം കലര്‍ന്ന മണല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചാല്‍ സമുദ്ര പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത് ഒഴിവാക്കുമെന്ന് ഹരിത മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി.രാജന്‍ പറഞ്ഞു. കല്ലായ് പുഴയുടെ പുനരുജ്ജീവനത്തിനായി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന പ്രസ്ഥാനമാണിത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. എന്നാലും മാലിന്യം കടലില്‍ നിക്ഷേപിക്കുന്ന കാര്യത്തില്‍ വിയോജിപ്പുണ്ട്. സമിതിക്കും സംശയമുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് നദിയുടെ ഡ്രഡ്ജിംഗ് നടത്തുന്നത്.