കേരളത്തിന്റെ ഗോത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട് വളരെ പ്രാചീനമായ ഒരു തനത് സംസ്‌കാരം ഉണ്ട്. ആടലും പാടലും കൊണ്ട് വേറിട്ട് നില്ക്കുന്ന വളരെ ഏറെ സവിശേഷതകളുള്ള ഒരു അനുഷ്ഠാന കലാരൂപമാണ് പുള്ളുവന്‍പാട്ട്. സര്‍പ്പക്കാവുകളുമായി ബന്ധപ്പെട്ട ഈ ആരാധനാരീതി നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ഇന്നിത് യഥാവിധി അനുഷ്ഠിക്കാന്‍ കഴിവുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമേ കേരളത്തില്‍ ജീവിച്ചിരിപ്പുള്ളൂ. പുള്ളുവന്‍പാട്ട് എന്ന അനുഷ്ഠന കലയെ ഹൃദയത്തില്‍ ആവാഹിച്ച പ്രശസ്ത കലാകാരന്‍ രൂപേഷ്പുള്ളുവന്‍ (പാലക്കാട്) വിളയില്‍ നാഗത്താന്‍ കോട്ടയില്‍ പുള്ളുവന്‍ പാട്ട് നടത്തുകയാണ്. ഒക്ടോബര്‍ അഞ്ചിന് ശനിയാഴ്ച വൈകുന്നേരം മുതലാണ് ഈ നാഗാരാധനാ യജ്ഞം നടക്കുക.
ദേവനാഗങ്ങളുടെ അനുഗ്രഹങ്ങള്‍ നേടാനും, സര്‍പ്പ ദോഷങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ക്ക് അതില്‍നിന്ന് മുക്തി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും മാറാരോഗ ശാന്തിക്കും സന്താന ദോഷനിവാരണത്തിനും സകല ഐശ്വര്യങ്ങള്‍ക്കും നാഗ പ്രീതിക്കും വേണ്ടിയാണ് ഈ മഹായജ്ഞം. ശംഖചക്രാഭയവരദഹസ്തയുടെ അപൂര്‍വ പ്രതിഷ്ഠയുള്ള ഏറനാട്ടിലെ പ്രസിദ്ധമായ വട്ട ശ്രീകോവിലുള്ള ദേവീക്ഷേത്രമാണ് വിളയില്‍ ഭഗവതി ക്ഷേത്രം. പതിനെട്ടരക്കാവുകളിലെ അരക്കാവായ കരിങ്കാളീക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാഗുരുതിപൂജയും അമാവാസിക്ക് തര്‍പ്പണ ഗുരുതിയും ഇവിടെ പ്രധാനം.
എല്ലാ ഭരണിനാളിലും 21 ഇളനീര്‍ കൊണ്ട് വലിയ കരിങ്കുരുതിയും നടത്തും. കരിങ്കാളിയമ്മയ്ക്ക് ഉദ്ധിഷ്ടകാര്യസിദ്ധിയ്ക്കുള്ള വിശേഷ വഴിപാടുകളാണ് ഇവയെല്ലാം. 1600 വര്‍ഷത്തെ പഴക്കമുള്ള വിളയില്‍ ഭഗവതി വിളിച്ചാല്‍ വിളി കേള്‍ക്കുമെന്ന് ഭക്തജനങ്ങളുടെ സാക്ഷ്യം. ക്ഷേത്രത്തിന്റെ മുമ്പിലുള്ള ആല്‍വൃക്ഷം ഈ സങ്കേതത്തിന്റെ പഴക്കം വിളിച്ചോതുന്നു. എല്ലാ പൗര്‍ണ്ണമി നാളിലും ക്ഷേത്രത്തില്‍ നടക്കുന്ന ലക്ഷ്മീനാരായണ പൂജ ഐശ്വര്യ വര്‍ദ്ധനവിനും കടബാദ്ധ്യതകളില്‍ നിന്ന് മോചനം നേടാനും ഉത്തമമെന്ന് ദൈവജ്ഞഭാഷ്യം. മകര മാസത്തിലെ ഉത്രട്ടാതി ഭഗവതിക്കും മേയ് 22 കരിങ്കാളിക്കും പ്രതിഷ്ഠാദിനം.
ക്ഷേത്രത്തിലെ വടക്ക് ഭാഗത്തുള്ള നാഗത്താന്‍കോട്ടയില്‍ പുള്ളുവന്‍പാട്ട് മഹായജ്ഞം നടത്തുന്നു. വന്‍ മരങ്ങളുടെയും വള്ളികളുടെയും ഇടയില്‍ മഹാവിസ്തൃതിയില്‍ പടര്‍ന്ന് കിടക്കുന്ന നക്ഷത്രവനവും ഇവിടെ കാണാം. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ശിവന്റെ ഈശാനകോണിലെ ഉപാലയവും കിഴക്ക് ദര്‍ശനമായി കന്നിമൂലയിലെ അയ്യപ്പനും , ചുറ്റമ്പലത്തിലെ കന്നിമൂലയിലെ ഗണപതിയും ദക്ഷിണാമൂര്‍ത്തിയും കൂടി വലിയൊരു ക്ഷേത്രസമുച്ചയം പുറത്ത് വിശാലമായ അമ്പലപറമ്പ്. ഊട്ടുപുര, എല്ലാ ഞായറാഴ്ചയും എട്ട് മണി മുതല്‍ സനാതന ധര്‍മ്മ പാഠശാലയും,നൃത്ത സംഗീത പഠന ക്ലാസ്സുകളും
ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ കഴിഞ്ഞ് പൂര്‍വ്വകാല പ്രൗഢി തേടി പുനരുത്ഥാനത്തിന്റെ പാതയിലാണ്. ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരണം , പ്രദിക്ഷിണ വരി കരിങ്കല്‍ പതിക്കുക,കരിങ്കാളിക്ക് നടപ്പന്തല്‍ നിര്‍മ്മാണം ശാന്തി ഗൃഹം റെസ്റ്റ് റൂമുകള്‍ തുടങ്ങി നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കിയാണ്. കോഴിക്കോട് എയര്‍പോര്‍ട്ട് അരീക്കോട് റോഡിലുള്ള ഹാജിയാര്‍ പടി ബസ് സ്റ്റോപ്പില്‍ നിന്ന് എടവണ്ണപ്പാറ ഭാഗത്തേക്ക് ഒന്നര കി.മീ മാത്രം സഞ്ചരിച്ചാല്‍ ഈ ക്ഷേത്ര സങ്കേതത്തില്‍ എത്തിച്ചേരാം.