കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വിപുലീകരണ പ്രവൃത്തികൾ ആവശ്യമായ മണ്ണ് ലഭ്യമാകാത്തതിനാൽ നീളുന്നു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റൺവേയുടെ രണ്ടറ്റങ്ങളിലെയും സുരക്ഷ മേഖലയായ റൺവെ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടി വിപുലീകരിക്കുന്ന പ്രവൃത്തികളാണ് നിശ്ചലാവസ്ഥയിലായിരിക്കുന്നത്.
റെസ നീളം കൂട്ടുന്നതിന് 35 ലക്ഷത്തിലധികം ക്യുബിക് മീറ്ററിലധികം മണ്ണാണ് ആവശ്യം. പ്രവൃത്തികൾക്കായി ഏറ്റെടുത്ത സ്ഥലങ്ങൾ നിരപ്പാക്കുന്ന ജോലികൾ പൂർത്തിയായി ഒരു മാസത്തിലധികം പിന്നിട്ടിട്ടും മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ തുടരുന്നതാണ് വിമാനത്താവള വികസനത്തിന് വിലങ്ങുതടിയാകുന്നത്. 19 മാസങ്ങൾക്കുള്ളിൽ തീർക്കേണ്ട പദ്ധതി ഇനിയും വൈകുമെന്ന ആശങ്കയാണ് നിലവിലുള്ളത്.
കരിപ്പൂരിൽ മലകൾക്കിടയിൽ ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേയുടെ റെസ ഇരു ഭാഗങ്ങളിലും നിലവിലുള്ള 90 മീറ്ററിൽ നിന്ന് 240 മീറ്റർ നീളമാക്കി വർധിപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനായി രണ്ടറ്റങ്ങളിലും 150 മീറ്റർ നീളത്തിൽ വശങ്ങൾ കെട്ടി മണ്ണിട്ടുയർത്തണം. പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ മണ്ണെടുപ്പിന് കേന്ദ്ര സർക്കാർ അനുമതിയുള്ള 75 സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ 19 സ്ഥലങ്ങളുടെ രേഖകൾ നിർമാണ ചുമതല ഏറ്റെടുത്തവർ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും വിവിധ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി ലഭിച്ചിട്ടില്ല. മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കാതെയുള്ള അപേക്ഷകളിൽ അനുമതി നൽകാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഓരോ നടപടിയും പൂർത്തിയാക്കാനുള്ള കാലതാമസം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വിമാനത്താവള അധികൃതരും ചൂണ്ടിക്കാണിക്കുന്നു.
റെസ വിപുലീകരണം വൈകുന്നത് കരിപ്പൂരിൽ വലിയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കാനും തിരിച്ചടിയാകും. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് ശേഷം വലിയ വിമാനങ്ങൾക്കുള്ള സർവിസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കുകയായിരുന്നു.
അപകട കാരണവും സുരക്ഷ കാര്യങ്ങളും പരിശോധിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററായി ഉയർത്തുന്നത്. ഇതിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 12.506 ഏക്കർ ഭൂമി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ 2023 ഒക്ടോബർ 19ന് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരുന്നു. ഇവിടുത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്ത് നിരപ്പാക്കിയിട്ടും ഒരു ലോഡ് മണ്ണുപോലും എത്തിക്കാനാകാത്ത അവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഈ ഘട്ടത്തിൽ ശക്തമാകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ ക്രിയാത്മക സമീപനം റൺവേ വികസന കാര്യത്തിലും വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുണ്ട്.