അടയ്ക്കാ കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് കൊട്ടടയ്ക്ക വില താഴോട്ട്. ഈ സീസണില്‍ കിലോവിന് 350 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 300- 305 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. നാല് വര്‍ഷം മുമ്പുളള വിലയിലേക്ക് കൊട്ടയ്ക്ക വില താഴുന്നത് കര്‍ഷകരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. രണ്ട് വര്‍ഷം മുമ്പ് 450നും അഞ്ഞൂറ് രൂപയ്ക്കും ഇടയില്‍ അടയ്ക്കയ്ക്ക് വില ലഭിച്ചിരുന്നു. വില കൂടിയതോടെ കവുങ്ങ് കൃഷിയിലേക്ക് ധാരാളം കര്‍ഷകര്‍ ഇറങ്ങിയിരുന്നു.
വിദേശ അടയ്ക്കയുടെ ഇറക്കുമതിയാണ് സംസ്ഥാനത്തെ കവുങ്ങ് കര്‍ഷകരെ ബാധിച്ചത്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കനത്ത തോതിലാണ് അടയ്ക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ പറയുന്നു. മ്യാന്‍മാര്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അടയ്ക്ക പാന്‍മസാല വ്യവസായികള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. വിദേശ ഇറക്കുമതിയ്ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം തയ്യാറായാല്‍ മാത്രമേ ഉല്‍പ്പാദകര്‍ക്ക് പിടിച്ചു നില്‍ക്കാനാവുകയുളളു.
കഴിഞ്ഞ വര്‍ഷം ശേഖരിച്ച് ഉണക്കി സൂക്ഷിച്ച അടയ്ക്കയാണ് കര്‍ഷകര്‍ ഇപ്പോള്‍ വിപണിയില്‍ലെത്തിക്കുന്നത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തോടെ പുതിയ അടയ്ക്ക വിപണിയില്‍ എത്തി തുടങ്ങും. അപ്പോഴേക്കും ഇനിയും വില കുറഞ്ഞേക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.
കവുങ്ങില്‍ കയറി അടയ്ക്ക ശേഖരിക്കാന്‍ കയറ്റക്കാരെ കിട്ടാത്തതും,വളക്കുറവ് മൂലമുളള ഉല്‍പ്പാദന കുറവും കവുങ്ങിന് വരുന്ന പലവിധ രോഗങ്ങളും കര്‍ഷകര്‍ അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളാണ്.
ജില്ലയില്‍ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കായക്കൊടി, കുറ്റ്യാടി, കിനാലൂര്‍, ബാലുശ്ശേരി, പൂനൂര്, പേരാമ്പ്ര, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കവുങ്ങ് കൃഷി നന്നായുണ്ട്. മഹാളി, ഇലമഞ്ഞളിപ്പ്, കൂമ്പുചീയല്‍, കായ് ചീയല്‍, ചുവട് ചീയല്‍, ചെന്നിരൊലിപ്പ്, പൂങ്കുലയുണങ്ങല്‍ എന്നിവയും കവുങ്ങ് കൃഷ്‌ക്ക് വെല്ലുവിളിയാണ്. വെറ്റിലമുറുക്ക്, പാക്ക് എന്നിവയ്ക്കാണ് കൊട്ടടയ്ക്ക കൂടുതലായും ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും കൊട്ടടയ്ക്ക കയറ്റി അയക്കുന്നത്.
അതേസമയം കർഷകർക്ക് ആശ്വാസമേകി കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും വില വർധിക്കുന്നു. രണ്ടു മാസം മുമ്പ് 10,200 രൂപയുണ്ടായിരുന്ന രാജാപ്പൂർ കൊപ്രയ്ക്ക് 22,000 രൂപയായാണ് വില കുതിച്ചുയർന്നത്. ഇതേസമയം 8,900 രൂപയുണ്ടായിരുന്ന ഉണ്ടയ്ക്ക് 19,000 രൂപയുമായി വില ഉയർന്നിട്ടുണ്ട്. കൊപ്രയ്ക്കും ഉണ്ടയ്ക്കുമൊപ്പം തന്നെ പച്ചത്തേങ്ങയുടെ വിലയും വർധിച്ചിട്ടുണ്ട്. 40 രൂപ വരെയായാണ് വില ഉയർന്നത്. ഒരാഴ്ച മുമ്പ് 31 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വിലയാണ് ഇപ്പോൾ നാല്പതിലെത്തിയത്. 2018ന് ശേഷം ഇതാദ്യമായാണ് വില നാൽപതിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.