അഴിയൂർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായും ലഹരിയ്ക്ക് അടിമപ്പെടുത്തിയതായുമുള്ള പരാതിയിന്മേൽ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.
അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്തുകയാണെങ്കിൽ ഭാരതീയ ന്യായസംഹിത വകുപ്പ് പ്രകാരം കേസെടുത്തു തുടർന്ന് നടപടി സ്വീകരിക്കാനും കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ എൻ സുനന്ദ, മോഹൻകുമാർ ബി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സ്വീകരിച്ച നടപടി റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാക്കണം.
പോലീസിന്റെ പരിശോധനയിലും
കുട്ടി നൽകിയ മൊഴിയിലും ഒട്ടേറെ വൈരുധ്യം ഉള്ളതായാണ് കാണുന്നത്.
കുട്ടിയെ കൃത്യമായ കൗൺസിലിങ്ങിന് വിധേയമാക്കാൻ രക്ഷിതാവ് സമ്മതിക്കാത്തതും പരിശോധിക്കണം.
കൃത്യമായ തെളിവുകളോ മൊഴികളോ രേഖകളോ ഇല്ലാതെയും ആരോപണങ്ങളെ സാധൂകരിക്കുന്നതിന് ആവശ്യമായ പരിശോധനാ ഫലങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരമൊരു കേസ് ഉണ്ടായത് എങ്ങനെയെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ
സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ബാലാവകാശ കമ്മിഷൻ ഉത്തരവ്.
കുട്ടിയുടെ മൊഴിയെന്ന് രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയ വ്യക്തിയുടെ ഉദ്ദേശ്യവും ഈ വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള മാധ്യമങ്ങളുടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളുടെയും ഏതെങ്കിലും തരത്തിലുള്ള പങ്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്നതും കൂടി പരിശോധിക്കണം- കമ്മിഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.