എൻ.ഡി.എ സഖ്യം ഭൂരിപക്ഷം മറികടന്ന് 292 സീറ്റുകൾ നേടിയതിനാൽ നരേന്ദ്ര മോദി ജൂൺ എട്ടിന് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് വൃത്തങ്ങൾ. എൻഡിഎ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവായിരിക്കും മോദി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനത്തിനായി പ്രധാനമന്ത്രി മോദി കേന്ദ്രമന്ത്രിസഭയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു, അടുത്ത സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11.30നാണ് പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ആരംഭിച്ചത്. മോദി 2.0 ക്യാബിനറ്റിൻ്റെയും മന്ത്രിസഭയുടെയും അവസാന യോഗമാണിത്. ജൂൺ 16ന് കാലാവധി അവസാനിക്കുന്ന നിലവിലെ ലോക്‌സഭ പിരിച്ചുവിടാനും മന്ത്രിസഭ ശുപാർശ ചെയ്യും.
മോദി 3.0 ക്യാബിനറ്റിനായി ബിജെപിയുടെ സഖ്യകക്ഷികൾ തങ്ങളുടെ ആവശ്യങ്ങൾ ബിജെപിക്ക് അയച്ചു തുടങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. ജെഡിയു 3 കാബിനറ്റ് സീറ്റുകളും ഏകനാഥ് ഷിൻഡെ ശിവസേന വിഭാഗവും ഒരു കാബിനറ്റും രണ്ട് സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരു കാബിനറ്റിനും ഒരു സഹമന്ത്രി സ്ഥാനത്തിനും വേണ്ടി സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്. എച്ച്എഎം(എസ്) മേധാവി ജിതം റാം മാഞ്ചി പുതിയ സർക്കാരിൽ കാബിനറ്റ് സ്ഥാനം വേണമെന്ന് വൃത്തങ്ങൾ അറിയിച്ചു.