ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാരംഭിക്കും. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചാല്‍ എട്ടേ കാലോടെ ആദ്യ സൂചനകള്‍ പുറത്തു വരും. .ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.
രാജ്യത്ത് മൊത്തം 543 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉളളത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളാണ് ഉളളത്. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്നിരുന്നു. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇതിന്റെ ഫലം അറിയുന്നത്. ഇതില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സീറ്റും തൂത്തുവാരുമെന്നാണ് യൂ.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചത്. ബി.ജെ.പി മൂന്ന് മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയിലാണ്. തൃശ്ശൂര്‍, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫലങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയം.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നേതാക്കളിലും പ്രവര്‍ത്തകരിലും നെഞ്ചിടിപ്പ് കൂടുകയാണ്. കോഴിക്കോട് വെളളിമാട് കുന്ന് ജെ.ഡി.ടി. കാംപസിലെ 14 ഹാളിലായാണ് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കല്‍പ്പറ്റ് മുട്ടില്‍, താമരശ്ശേരി, നിലമ്പൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.