കണ്ണിന് താഴെയുള്ള കറുപ്പ് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. കണ്ണിന് ചുറ്റും കറുപ്പെന്ന് പറയുമ്പോഴെ നന്നായി ഉറങ്ങാത്തതിന്റെയാണെന്ന വിലയിരുത്തലാണ് പലരും നടത്തുന്നത്. എന്നാല്‍ അത് ശരിയല്ല എന്നതാണ് മറ്റൊരു വസ്തുത. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണ് ഈ നിറവ്യത്യാസം.
അലര്‍ജി, നിര്‍ജ്ജലീകരണം എന്നിവ മൂലം ഇത്തരത്തില്‍ കണ്ണിന് താഴെ കറുപ്പ് വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകള്‍ വരാമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. തീര്‍ന്നില്ല,
തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ ലക്ഷങ്ങളില്‍ ഇതുള്‍പ്പെടും. പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടും ജീവിതശൈലി തന്നെ മാറ്റിയിട്ടും ഈ കറുപ്പിന് മാറ്റമുണ്ടാകുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. വൈദ്യസഹായം അത്യാവശ്യമാണെന്ന് ശരീരം നല്‍കുന്ന സൂചനയാണിത്. ഹീമോഗ്ലോബിന്‍ കുറയുന്നതും ചില മരുന്നുകളോടുള്ള അലര്‍ജിയും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ളവര്‍ക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം.
മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തിന് ആരോഗ്യത്തിനൊപ്പം തിളക്കവും നല്‍കും. ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയില്‍ ഇത് ധാരാളമുണ്ട്. മാത്രമല്ല ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവ ഇവയെ ഒരു പരിധിവരെ കണ്ണിന് ചുറ്റമുള്ള കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും.