കൊയിലാണ്ടി പന്തലായനിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി. പന്തലായനി പുത്തലത്ത് കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്തായി നഗരസഭാ 12-ാം വാർഡിൽ ബൈപ്പാസിനോടു ചേർന്നാണ് മാലിന്യം ഒഴുക്കിയത്. മാലിന്യം ടാർ റോഡിൽ പരന്നൊഴുകുകയാണ്.
ദുർഗന്ധംവമിക്കുന്നതുകാരണം ജനങ്ങൾ പുറത്തിറങ്ങാതെ വാതിലടച്ച് വീടിനുള്ളിൽ ഇരിക്കുകയാണ്. റോഡിൽ മാലിന്യം കെട്ടിക്കിടക്കുന്നത് പ്രദേശത്തേക്കുള്ള കാൽനടയാത്രപോലും അസാധ്യമായിരിക്കുയാണ്. നഗരസഭ ആരോഗ്യ വിഭാഗത്തെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. 15000 ലിറ്ററോളം വരുന്ന വലിയ ടാങ്കിലുള്ള മാലിന്യം പൂർണ്ണമായും ഇവിടെ ഒഴുക്കിയിരിക്കുയാണെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി 2 മണിയോടുകൂടി ഒരു ടാങ്കർ വാഹനം പ്രദേശത്ത് കറങ്ങിയതായി ചിലർ സംശയംപ്രകടിപ്പിച്ചിട്ടുണ്ട്. പുത്തലത്ത് കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
ശക്തമായ മഴ പെയ്താൽ പ്രദേശമാകെ മാലിന്യം പരന്നൊഴുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. വീടുകളിലെ കിണറുകളും മലിനമാകുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാർഡ് കൌൺസിലർ പ്രജിഷ പി സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.