അതി ശാന്തനായി വെള്ളക്കരുക്കളിലെ കുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർനൈറ്റ്‌സ് എന്ന ഇംഗ്ലീഷ് പ്രാരംഭത്തിലൂടെ ഈ പുലരിയെ ആ പയ്യൻ വരവേറ്റു…
“ആരോരാളെൻ കുതിരയെ കെട്ടുവാൻ,
ആരോരാളതിൻ മാർഗം മുടക്കുവാൻ,” എന്ന വയലാറിന്റെ അശ്വമേധം പോലെ ശക്തമായൊരു വിജയത്തിന്റെ ശംഖൊലി…
നെറ്റിത്തടത്തിൽ വിഭൂതി പൂശി ചെസ്സ് ബോർഡിന് മുന്നിൽ ദ്രുതവേഗം കരുക്കൾ നീക്കി, നമ്മെ അത്ഭുതപ്പെടുത്തിയ ആ പയ്യന്റെ പേര് രമേശ് ബാബു പ്രഗ്നാനന്ദ എന്നാണ്.
വിശ്വനാഥൻ ആനന്ദിന്റെ നാട്ടിൽ നിന്നും വിശ്വ ചെസ്സ് ടൂർണമെന്റിൽ വിസ്മയകരമായ പ്രകടനങ്ങൾ നടത്തിയാണ് ആ 17 കാരൻ കഴിഞ്ഞ വർഷം ചെസ്സ് ഇതിഹാസം, ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനെ നേരിടാൻ ഫൈനലിലെത്തിയത്…
ആറു മാസത്തിനിടെ മൂന്ന് വട്ടം കാൾസനെ തോൽപ്പിച്ച ആത്മവിശ്വാസത്തിന്റെയും, പുറത്തു പ്രാർത്ഥനയിൽ മുഴുകുന്ന നാഗലക്ഷ്മിയമ്മയുടെ പ്രതീക്ഷയുടെയും പിൻബലത്തിൽ റാപിഡ് ഫയർ ഫോർമാറ്റിൽ നടന്ന ആദ്യ രണ്ടു റൗണ്ടിലും കാൾസനെ പ്രാഗ് സമനിലയിൽ കുരുക്കി. രാജ്ഞ്ഞിയെ തുറന്നു വിട്ടുള്ള ക്വീൻ – റൂക് സംയുക്ത നീക്കത്തിലൂടെ രണ്ടു പേരും ടൈബ്രേക്കറിനായി കൈകൊടുത്തു…
ഒടുവിൽ കാൾസന്റെ പരിചയ സമ്പത്തിനു മുന്നിൽ ടൈബ്രേക്കറിൽ കീഴടങ്ങിയെങ്കിലും പ്രഗ്നാനന്ദ എന്ന നാമം ഇന്ത്യയുടെ അഭിമാനമായി നമ്മൾ നെഞ്ചേറ്റി…
‘ശത്രു പുലിയായാലും മനുഷ്യനായാലും അതിന്റെ മടയിൽ പോയി കൊല്ലണ’മെന്ന് മുരുകൻ പറഞ്ഞത് അപ്പാടെ അനുസരിച്ചാണ്, കാൾസന്റെ നാട്ടിൽ വെച്ച് നടക്കുന്ന നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ, ക്ലാസിക്കൽ ടൂർണമെന്റിലെ കാൾസനെതിരെയുള്ള ആദ്യ വിജയം പ്രാഗ് സ്വന്തമാക്കിയത്.
‘സമയമെടുക്കും, ക്ഷമ വേണം ‘എന്ന ക്ലാസിക്കൽ ടൂർണമെന്റിന്റെ ആശാൻ, ആനന്ദിന്റെ വിജയമന്ത്രം അക്ഷരം പ്രതി അനുസരിച്ചാണ് സമയമെടുത്ത് കരുക്കൾ നീക്കാമെന്ന നിയമമുള്ള ക്ലാസിക്കൽ ടൂർണമെന്റിലെ ക്ലാസ്സിക് വിജയം പ്രാഗ് നേടിയത് …
ചെസ്സ് ബോർഡിനു മുന്നിലേക്ക് മൂന്നാം വയസ്സിൽ തന്നെ കൈപിടിച്ചിരുത്തിയ സ്വന്തം ചേച്ചി ആർ. വൈശാലി ഇതേ ടൂർണമെന്റിൽ മുന്നേറ്റം തുടരുന്നു എന്നതും ഇന്നത്തെ പ്രാഗിന്റെ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു..
പ്രതീക്ഷയാണ്, പ്രചോദനമാണ് പ്രതിഭാസമാണ് പ്രഗ്നാനന്ദ….
വിശ്വവിജയത്തിന്റെ ഈ അശ്വമേധത്തിനു ആശംസകൾ… ❤