കോഴിക്കോട് ഇരിങ്ങാടൻപ്പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവതിയിൽ ശ്രീധരൻ വെളിയാറായുടെ മകൻ ഡോ. ശ്രാവൺ (28)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ ഇരിങ്ങാടൻപ്പള്ളി ട്രാഫിക് സിഗ്‌നലിന് സമീപമാണ് അപകടം. എം.ബി.ബി.എസ്. പഠനത്തിനുശേഷം എം.ഡി. പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശ്രാവൺ. കോഴിക്കോട് സഹകരണ ആശുപത്രിയിലും ഡോക്ടറായി പ്രവർത്തിച്ചിരുന്നു.
അതുവഴി പോകുകയായിരുന്ന കാർയാത്രക്കാരാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും ശ്രാവൺ മ രിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിലെ യാത്രക്കാരായ കുന്ദമംഗലം പത്താംമൈൽ സ്വദേശികളായ സാനിൽ, മുഹമ്മദ് ഷാഫി എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ അധ്യാപികയാണ് ശ്രാവണിന്റെ അമ്മ പ്രേമലത. സഹോദരൻ: പ്രണവ് (അമേരിക്ക).