കോഴിക്കോട്: വിമാനക്കമ്പനികളുടെ അമിത ചാർജ് ഒഴിവാക്കി ഇനി കുറഞ്ഞ ചെലവിൽ ബേപ്പൂരിൽനിന്ന് കടൽ മാർഗം ഗൾഫ് യാത്രക്ക് അവസരമൊരുങ്ങുന്നു. കേരള -യു.എ.ഇ സെക്ടർ കപ്പൽ സർവിസ് ഉടൻ ആരംഭിക്കുമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കപ്പല്‍ സര്‍വിസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മുമ്പ് രണ്ടുതവണ യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ സര്‍വിസ് നടത്തിയ ഡോ. എം.പി. അബ്ദുൽ കരീമിന്റെ ‘അതാവി കമ്പനി’ മുഖേന ആദ്യത്തെ യാത്രാകപ്പല്‍ 2023 ഡിസംബര്‍ 20ന് ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. യാത്ര പ്രതിസന്ധി രൂക്ഷമായതോടെ എം.ഡി.സി ഈമാസം 13ന് വീണ്ടും മുഖ്യമന്ത്രി, തുറമുഖവകുപ്പ് മന്ത്രി, മാരിടൈം ബോര്‍ഡ് ചെയര്മാന് എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
തുടർന്ന് നാലാം ലോക കേരള സഭക്കും ഓണ അവധി സീസണിനും മുമ്പായി കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതിന് അനുകൂലമായുള്ള മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചതെന്നും എം.ഡി.സി അറിയിച്ചു.
നിലവില്‍ ടെൻഡര്‍ വിളിച്ചതില്‍ നാലുകമ്പനികളില്‍ രണ്ട് കമ്പനികളെ അവസാനഘട്ടത്തില്‍ എടുത്തിട്ടുണ്ട്.
സി.ഇ. ചാക്കുണ്ണി, എ. ശിവശങ്കരൻ, അഡ്വ. എം.കെ. അയ്യപ്പൻ, ബേബി കിഴക്കുഭാഗം, കുന്നോത്ത് അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.