അരങ്ങാടത്തുള്ള ബാറിന് സമീപം യുവാക്കളുടെ പരാക്രമം; രണ്ടു പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്തു

കൊയിലാണ്ടി: അരങ്ങാടത്തുള്ള ബാറിന് മുന്നില്‍ മദ്യപിക്കാന്‍ എത്തിയ യുവാക്കളുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ഇക്കഴിഞ്ഞ മെയ് 26 ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സമീപവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ അരങ്ങാടത്ത് മണി (ശശി-53), കാട്ടുവയലില്‍ ബാബു (67) എന്നിവരെയാണ് യുവാക്കളായ മൂന്നംഗ സംഘം പിടിച്ചു തളളിയിട്ടതിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ചത്.

 

   

മര്‍ദ്ദനമേറ്റ് ബാബുയെന്നയാള്‍ തലയടിച്ചു പിറകോട്ട് വീഴുന്നത് വീഡിയോയില്‍ ദൃശ്യമാണ്. തലയടിച്ചു വീണയാളെ എഴുന്നേല്‍പ്പിച്ച് വീണ്ടു തളളുന്നതും കാണാം. ബാബുവിന്റെ സുഹൃത്ത് മണിയെയും യുവാക്കള്‍ ഭീകരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനമേറ്റ രണ്ടു പേരും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തിട്ടുണ്ടെന്ന് കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ മെന്‍വില്‍ ജോസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.