സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രഷറി നിയന്ത്രണം. 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണം. ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു പരിധി. ബില്ലുകള്‍ മാറുന്നതിന് മാത്രമാണ് ബാധകം. മറ്റ് ഇടപാടുകള്‍ക്ക് നിയന്ത്രണമില്ല.
ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഇന്ന് 3500 കോടി കടമെടുക്കും. അത് കിട്ടുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് മാറുമെങ്കിലും ശമ്പള, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങിയവ ഈയാഴ്ച അവസാനത്തോടെ വിതരണം തുടങ്ങും. അതുകൂടി കണക്കിലെടുത്ത് ജൂണ്‍ 15 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്.
ശമ്പള പെന്‍ഷന്‍ വിതരണത്തിന് 5000 കോടിയോളവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 900 കോടിയും വേണം. അത്യാവശ്യ കാര്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തെ തുടക്കം മുതല്‍ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. 44528 കോടിയുടെ വായ്പയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. അതിന് പകരം 21253 കോടി രൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്. അതില്‍ തന്നെ 6500 കോടി എടുത്ത് കഴിഞ്ഞു. ശേഷിക്കുന്നത് 14753 കോടി മാത്രമാണ്.