ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കിയതോടെ ഉദ്യോഗസ്ഥര്‍ ഓട്ടം തുടങ്ങി. നിലവിൽ മോട്ടോര്‍വാഹന വകുപ്പിനുതന്നെ ആവശ്യത്തിനു വാഹനങ്ങള്‍ ഇല്ല. 15-വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ എം.വി.ഡി. ഉപേക്ഷിച്ചിരുന്നു. ഇതിനു പകരമായി വാഹനം ലഭിച്ചിട്ടില്ല.
എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പിന് വാഹനത്തിനു ക്ഷാമമുള്ള സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഏതൊരാള്‍ക്കും സ്വന്തമായി വാഹനമോടിച്ചു പഠിക്കാനും ടെസ്റ്റിന് അപേക്ഷിക്കാനും ടെസ്റ്റിന് സ്വന്തം വാഹനം ഉപയോഗിക്കാനുമുള്ള അവസരം ഉറപ്പുവരുത്തണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ഇനി ഓഫീസുകളും ടെസ്റ്റിംഗ് മൈതാനങ്ങളും പൂര്‍ണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും. ആര്‍.ടി.ഒ.-സബ് ആര്‍.ടി.ഒ. ഓഫീസുകള്‍, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനം, ടെസ്റ്റ് നടത്തുന്ന മൈതാനം എന്നിവിടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് ക്യാമറ സ്ഥാപിക്കണമെന്നാണ് ഉത്തരവ്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുന്‍പ് രണ്ടുതവണ ഉത്തരവുകള്‍ ഇറങ്ങിയിരുന്നു. ഇതില്‍ ചില പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരത്തെ തുടർന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
ഇതിനുശേഷമാണ് പുതുക്കിയ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിലാണ് പുതിയ പരിഷ്‌കാരത്തെക്കുറിച്ചു പരമാര്‍ശമുള്ളത്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ടെസ്റ്റുകള്‍ക്കുള്ള പുതിയ മാതൃക തയ്യാറാക്കി ഒരുമാസത്തിനകം ഗതാഗത കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആഴ്ചയില്‍ രണ്ടുദിവസം വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റാണു നടത്തേണ്ടത്. ഫിറ്റ്‌നസ് ടെസ്റ്റിനു വാഹനങ്ങളില്ലാതിരിക്കുന്ന സാഹചര്യത്തില്‍മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താം.