വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം. തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ അറിയിക്കുകയും വേണം. മാത്രമല്ല വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം.
മനുഷ്യരിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ
പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കി മാറ്റും. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർത്ഥം.
മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്‌നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണം.
നേരത്തെ പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോൾ തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെയ്ക്കുന്നത്. ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെയ്പ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.
പകരുന്നതെങ്ങനെ ?
പേവിഷബാധയുള്ള വന്യമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഉമിനീരിൽ നിന്നാണ് രോഗം പകരുന്നത്. റാബീസ് വൈറസുകൾ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേൽക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും.
കടിയേൽക്കണമെന്ന് നിർബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങൾ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമനീര് നഖങ്ങളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും. 96 ശതമാനവും പട്ടികളിൽനിന്നാണ് പേവിഷബാധ പകരുന്നത്.
പേവിഷബാധയേറ്റ മനുഷ്യരിൽനിന്ന് മറ്റൊരാൾക്ക് റാബീസ് വൈറസുകൾ പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ പേവിഷബാധയേറ്റ രോഗിയുടെ അവയവം മാറ്റിവെക്കുന്നതിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന നായയ്ക്കും പൂച്ചയ്ക്കും ഇവയുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങൾക്കുമാണ് കൂടുതലും പേവിഷബാധ പകരുന്നത്. പേടിച്ച് ഓടുക, അമിതമായി ഉമിനീർ ഒലിപ്പിക്കുക, അക്രമിക്കുക, ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ് പേവിഷബാധയേറ്റ മൃഗങ്ങൾ കാണിക്കുന്ന ലക്ഷണങ്ങൾ.