അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മ്മിച്ച ‘ മന്ഥന്‍ ‘ ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

/

ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മിച്ച ‘ മന്ഥന്‍ ‘ എന്ന ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ഈ സിനിമ കോഴിക്കോടും കൊച്ചിയുമടക്കം രാജ്യത്തെ അമ്പതു നഗരങ്ങളിലെ നൂറ് തിയേറ്ററുകളില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ റിലീസാകും. ഫ്രാന്‍സിലെ പ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈയിടെ മന്ഥന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ നിറഞ്ഞ കൈയടികളോടെയാണു സിനിമയെ സ്വീകരിച്ചത്.

ആള്‍ക്കൂട്ടപ്പിരിവിലൂടെ ( ക്രൗഡ് ഫണ്ടിങ് ) രാജ്യത്താദ്യമായി നിര്‍മിച്ച മന്ഥന്‍ ( കടയല്‍ ) കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ കഥ പറയുന്നു. അന്താരാഷ്ട്ര ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണു ചിത്രം തിയേറ്ററുകളിലെത്തുക. 1976 ല്‍ റിലീസായ ചിത്രം രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. മന്ഥനു കാന്‍ ചലച്ചിത്രമേളയില്‍ ലഭിച്ച സ്വീകരണത്തില്‍ താന്‍ ആഹ്ലാദഭരിതനാണെന്നു സംവിധായകന്‍ ശ്യാം ബനഗല്‍ പറഞ്ഞു. സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 1976 ല്‍ സിനിമ ആദ്യം റിലീസായപ്പോള്‍ കര്‍ഷകര്‍ കാണിച്ച താല്‍പ്പര്യം ശ്യാം ബനഗല്‍ ഓര്‍ത്തെടുത്തു. ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും കൂട്ടത്തോടെ കാളവണ്ടികളില്‍ എത്തിയാണ് അവര്‍ തിയേറ്ററുകള്‍ നിറച്ച് സിനിമ വമ്പിച്ച വിജയമാക്കി മാറ്റിയത്. കേടുപാടുകള്‍ പറ്റിയ പഴയ പ്രിന്റ് നന്നാക്കിയെടുത്താണു ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും അമുലിന്റെ ഉടമസ്ഥരായ ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും ( ജി.സി.എം.എം.എഫ് ) മന്ഥന്‍ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. പി.വി.ആര്‍-ഇനോക്‌സ് ലിമിറ്റഡും സിനിപോളിസ് ഇന്ത്യയുമായി ചേര്‍ന്നാണു ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.

കാനില്‍ നിറഞ്ഞ സദസ്സിനൊപ്പം സിനിമ കണ്ട നടന്‍ നസിറുദ്ദീന്‍ഷായും പഴയ കാലത്തിന്റെ ഓര്‍മകളില്‍ വികാരഭരിതനായി. സിനിമയുടെ അവസാനം കാണികള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നു അദ്ദേഹം പറഞ്ഞു. ഈ ആദരവ് തനിക്കു മാത്രമുള്ളതല്ലെന്നും കാലത്തിന്റെ പരീക്ഷണങ്ങളെ വിജയപൂര്‍വം മറികടന്ന മന്ഥന്‍ എന്ന സിനിമക്കുള്ളതാണെന്നും അതിലെ ഒരു പ്രധാന കഥാപാത്രമായ നസിറുദ്ദീന്‍ ഷാ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച ഒരു സിനിമയുടെ മനോഹരമായ വീണ്ടെടുപ്പ് എങ്ങനെയെന്നു കാണാനുള്ള അവസരം പ്രേക്ഷകര്‍ പാഴാക്കരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. തിയേറ്ററില്‍പോയി താനും വീണ്ടും മന്ഥന്‍ കാണും- ഷാ പറഞ്ഞു. ഡോ. വര്‍ഗീസ് കുര്യന്റെ മകള്‍ നിര്‍മല കുര്യനും അന്തരിച്ച നടി സ്മിതാ പാട്ടീലിന്റെ മകന്‍ പ്രഥീക് ബബ്ബാറും നസിറുദ്ദീന്‍ ഷായ്‌ക്കൊപ്പം കാനില്‍ മന്ഥന്‍ കാണാനെത്തിയിരുന്നു.

കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലുമാണു മന്ഥന്‍ വീണ്ടും റിലീസ് ചെയ്യുന്നത്. അഹമ്മദാബാദ്, അംബാല, അമൃത്‌സര്‍, ആനന്ദ്, ബംഗളൂരു, ഭതിന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഗുവാഹതി, ഗ്വാളിയോര്‍, ഹുബ്ലി, ജാംനഗര്‍, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലും ചിത്രം റിലീസാകും.

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു മന്ഥന്‍ രൂപം കൊണ്ടത്. പത്തു ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ്. ജി.സി.എം.എം.എഫില്‍ അംഗങ്ങളായ അഞ്ചു ലക്ഷം കര്‍ഷകരാണു രണ്ടു രൂപ വീതമെടുത്തു സിനിമ നിര്‍മിച്ചത്. 1977 ല്‍ മികച്ച ഹിന്ദി സിനിമക്കും മികച്ച തിരക്കഥക്കുമുള്ള അവാര്‍ഡുകളാണു മന്ഥന്‍ നേടിയത്. ഗിരീഷ് കര്‍ണാട്, നസിറുദ്ദീന്‍ ഷാ, സ്മിതാ പാട്ടീല്‍, അമരീഷ് പുരി തുടങ്ങിയവരാണ് അഭിനയിച്ചത്. സിനിമ കണ്ട് പ്രചോദിതരായ ലക്ഷക്കണക്കിനു ക്ഷീര കര്‍ഷകരാണു ഗ്രാമങ്ങളില്‍ ക്ഷീര സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ മുന്നോട്ടുവന്ന് രാജ്യത്തെ ധവളവിപ്ലവത്തിന് ആക്കം കൂട്ടിയത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ

Next Story

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

Latest from Main News

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ,

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം