മഴപെയ്താൽ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി.അടിപ്പാതയിൽ നിന്നും വെള്ളം ഒഴുകി എത്തേണ്ട കിണറിലെ ചളിയും മാലിന്യങ്ങളും പുറത്തെടുത്ത് കിണർ ശുചീകരിച്ചു. കിണറിൽ എത്തുന്ന വെള്ളം പുറത്ത് കളയുന്നതിന് മുഴുവൻ സമയം പ്രവർത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.
അശാസ്ത്രീയമായി നിർമ്മിച്ച കിണറിലേക്ക് പുറമെ നിന്ന് വെള്ളം ഒഴുകി വരുന്നതിനാൽ കിണറിലെ വെള്ളം ഒഴിവാക്കുക പ്രയാസകരമായതു കൊണ്ടാണ് മഴ തുടങ്ങിയാൽ അടിപ്പാതയിൽ മുഴുവൻ വെള്ളം നിൽക്കുന്നതും യാത്ര ചെയ്യാൻ കഴിയാതെ വരുന്നതും. അതിനുള്ള താൽക്കാലിക പരിഹാരമായിട്ടാണ് മുഴുവൻ സമയം വെള്ളം ഒഴിവാക്കാൻ കഴിയുന്ന മോട്ടോർ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലീൻ സിറ്റി മാനേജർ കെ. സതീഷ് കുമാർ
ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ. റിഷാദ് . ജമീഷ് മുഹമ്മദ്. ആരോഗ്യ വിഭാഗം ജീവനക്കാരായ സുരേന്ദ്രൻ കുന്നോത്ത് . ജിഷാന്ത് എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ കച്ചവടക്കാരും ശുചീകരണത്തിൽ പങ്കാളികളായി. തുടർന്ന് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് റയിൽവെയുടെ അനുമതിയോടെ പുതിയ വാട്ടർ സീൽഡ് കിണർ സ്ഥാപിക്കുന്നതിന് നഗരസഭ തയ്യാറെടുക്കുകയാണെന്ന് ചെയർപേഴ്സനും നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരിയും അറിയിച്ചു