മേഘാലയിലുളള ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ത്യന്‍ ആര്‍മി മിലിറ്ററി പോലീസില്‍ അംഗമായിരുന്ന ഹവില്‍ദാര്‍ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വിമാന മാര്‍ഗം കരിപ്പൂരില്‍ എത്തിച്ചു.തുടര്‍ന്ന് 122 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി.വിലാപ യാത്രയായി വൈകീട്ട് 3.30ന് അത്തോളിയില്‍ എത്തിച്ചു.ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങള്‍ ബൈക്കുകളിലായി മൃതദേഹത്തെ അനുഗമിച്ചു.
മൃതദേഹം കുനിയില്‍ കടവ് മരക്കാടത്ത് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കാനത്തില്‍ ജമില എം.എല്‍. എ , അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ , വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം.സരിത,സുനീഷ് നടുവിലയില്‍,വാര്‍ഡ് മെമ്പര്‍ സന്ദീപ് നാലുപുരയ്ക്കല്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബബിത, വില്ലേജ് ഓഫീസര്‍ ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.122 ടി.എ ബറ്റാലിയന്‍ നായിബ് സുബെദാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
തുടര്‍ന്ന് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.
വിനോദ യാത്രക്കിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തില്‍ അനീഷ് വീണത്. അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ്. യശോദയാണ് അമ്മ.
ഭാര്യ: സജിന. മക്കള്‍: അവന്തിക, അനന്തു. സഹോദരങ്ങള്‍: റഷി, മിനി.