കോഴിക്കോട് : ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. ബൈജൂസ് ട്യൂഷൻ സെന്ററിനെതിരേ മാങ്കാവ് കച്ചേരിക്കുന്ന് സ്വദേശി രാജേഷ് സി. ഗോപിനാഥ് നൽകിയ പരാതിയിലാണ് ഉത്തരവ്.
രാജേഷ് സി. ഗോപിനാഥ് മകൾ വൈദേഹിയെ കോഴിക്കോട് ബൈജൂസ് ട്യൂഷൻ സെന്ററിൽ ട്യൂഷന് ചേർത്ത് 81,000 രൂപ ഫീസടച്ചു. 9, 10 ക്ലാസുകളിലെ ട്യൂഷനാണ് കുട്ടിയെ ചേർത്തത്. പ്രതിമാസം 6,750 രൂപയായിരുന്നു ഫീസ്. എന്നാൽ ട്യൂഷൻ തൃപ്തികരമല്ലാത്തതിനാൽ കുട്ടി ക്ലാസിൽ പോകുന്നത് നിർത്തി. ഫീസ് തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. തുടർന്നാണ് ഉപഭോക്തൃതർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റി 30 ദിവസത്തിനകം തുകനൽകണം. അല്ലാത്തപക്ഷം, വൈകുന്ന ദിവസങ്ങൾക്ക് ഒൻപത് ശതമാനം വാർഷിക പലിശ നൽകണം. കമ്മിഷൻ പ്രസിഡന്റ് പി.സി. പോളച്ചൻ, അംഗങ്ങളായ എസ്. പ്രിയ, വി. ബാലകൃഷ്ണൻ എന്നിവരാണ് ഉത്തരവിട്ടത്.