കൊയിലാണ്ടി: ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം- എന്ന കെ.ശങ്കരന്‍ രചിച്ച പുസ്തകം മെയ് 19ന് മൂന്നുമണിക്ക് പൂക്കാട് എഫ്. എഫ്. ഹാളില്‍ പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1928 മുതല്‍ 1942 ലെ ക്വിറ്റ് ഇന്ത്യാ സമര കാലം വരെ ചേമഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സ്വാതന്ത്യ സമര പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാമുളള ശ്രമമാണ് പുസ്തകത്തിലെ പ്രതിപാദ്യം. 1930-ല്‍ കണ്ണൂര്‍ സെന്റര്‍ ജയിലിലെ മൈനര്‍ ബ്ലോക്കില്‍ തടവുകാരനായി അടയ്ക്കപ്പെട്ട കാരോളി ഉണ്ണി നായരില്‍ തുടങ്ങി 1942 കാലത്ത് മകന്‍ ശങ്കുണ്ണിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്‌നേഹികളെ ഈ ചെറു ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്.
സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടി പുസ്തകം ഏറ്റുവാങ്ങും. പത്രസമ്മേളനത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വി.ടി.വിനോദ്,കെ.പ്രദീപന്‍,വി.വി. മോഹനന്‍,രാമചന്ദ്രന്‍ മണാട്ട് എന്നിവര്‍ പങ്കെടുത്തു.