കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ തുടങ്ങുന്നതിന്റെ മുന്നോടിയായി യാഗക്കാരും ആചാര്യന്‍മാരും സ്ഥാനികരും സമുദായിയുടെയും ജന്മ ശാന്തിയുടെയും നേതൃത്വത്തില്‍ അക്കരെ സന്നിധിലേക്ക് പ്രവേശിക്കുന്ന ചടങ്ങായ നീരെഴുന്നെള്ളത്ത് നടന്നു. ബാവലി തീര്‍ത്ഥം കൂവയിലകുമ്പിളില്‍ ശേഖരിച്ച ശേഷം സമുദായിയും ജന്മശാന്തിയും അടങ്ങുന്ന സംഘം അക്കരെ സന്നിധിയിലെ മണിത്തറയിലെത്തി ജന്മ ശാന്തി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. ഇടവത്തിലെ മകം നാളിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഈ മാസം 21 ന് നെയ്യാട്ടത്തോടെ 28 നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും.
ഇന്നലെ കോട്ടയം തെരുവിലെ തിരൂര്‍കുന്നില്‍ നിന്ന് പുറപ്പെട്ട മണിയന്‍ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി എഴുന്നള്ളത്ത് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെ ഒറ്റപ്പിലാന്‍, ആശാരി, പുറംകലയന്‍, കൊല്ലന്‍ എന്നീ സ്ഥാനികര്‍ ചേര്‍ന്ന് ഇക്കര നടയിലും മന്ദംഞ്ചേരിയിലെ ബാബലിക്കരയിലും തണ്ണീര്‍കുടി ചടങ്ങ് നടത്തി. അതിനുശേഷം അടിയന്തരയോഗം ഇക്കര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംഞ്ചേരിയില്‍ എത്തി.
മന്ദംചേരി ഉരുളിക്കുളത്തിനു സമീപത്തു നിന്നും കൂവയില ശേഖരിച്ച് സംഘം ബാവലി കരയില്‍ എത്തിയപ്പോള്‍ തണ്ണീര്‍കുടി പൂര്‍ത്തിയാക്കിയ ഒറ്റപ്പിലാന്‍ ആശാരി പുറംകലയന്‍ എന്നീ സ്ഥാനികര്‍ മറുകരയില്‍ അടിയന്തരയോഗത്തെ കാത്തുനില്‍ക്കുകയും അനുമതി വാങ്ങി ബാവലിയില്‍ മുങ്ങി അക്കരെ സന്നിധാനത്തില്‍ പ്രവേശിക്കുകയും ചെയ്യും. അവര്‍ തിരുവഞ്ചിറ കടന്ന് മണിത്തറയുടെ കിഴക്കുഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍ സമുദായി കൃഷ്ണ മുരളി നമ്പൂതിരി, ജന്മ ശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തരയോഗക്കാരും അവകാശികളും മണിത്തറയില്‍ എത്തി കൂവയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ ശേഖരിച്ച ബാവലിതീര്‍ത്ഥം ജന്മ ശാന്തി സ്വയംഭൂവില്‍ അഭിഷേകം ചെയ്ത് സാഷ്ടാംഗ പ്രണാമം നടത്തി. തുടര്‍ന്ന് അമ്മാറക്കല്‍ തറ വണങ്ങി സംഘം തിരികെ പോന്നു. രാത്രി ഇക്കരെ സന്നിധാനത്തിലെ ആയില്യാര്‍ക്കാവില്‍ ഗൂഢപൂജയും അപ്പട നിവേദ്യവും നടത്തി.