പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനം നടത്താൻ കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് കരാർ നിയമനത്തിന് നിർദേശം. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരെയും പരിചയസമ്പന്നരെയും നിയമിക്കാം. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പങ്കെടുത്ത യോഗത്തിലെ തീരുമാനം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.
കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ ‘പവർ ബ്രിഗേഡ്’ എന്ന പേരിൽ 65 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ച് താൽക്കാലിക നിയമനം നടത്തിയിരുന്നു. അതേ മാതൃകയിൽ അതേ യോഗ്യതയിൽ അടുത്ത ആഗസ്റ്റ് വരെ സേവനകാലാവധി നിശ്ചയിച്ച് നിയമനം നടത്താനാണ് ഉത്തരവ്. ഓരോ സെക്ഷനിലെയും കുറവുള്ള ജീവനക്കാരുടെ എണ്ണവും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തലത്തിൽ വേണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു
വർഷങ്ങളായി സെക്ഷൻ ഓഫിസുകളിൽ താഴെ തസ്തികകളിൽ നിയമനം നടക്കാത്തിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യുന്ന കഠിനാധ്വാനത്തിന് കെ.എസ്.ഇ.ബി പ്രതിദിനം നൽകിവന്നിരുന്നത് 675 രൂപ മുതലാണ്. അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പുതുതായി ആരും വരുന്നുമില്ല. വേതനം 750 രൂപയാക്കി വർധിപ്പിച്ചാണ് ഇപ്പോൾ കരാർ നിയമനത്തിന് ക്ഷണിച്ചിട്ടുള്ളത്.