പഴുത്ത മാങ്ങകൾക്ക് ആവശ്യക്കാർ ഏറിയതോടെ കൃത്രിമ വഴിയിൽ പഴുപ്പിച്ച് മാമ്പഴങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് നമ്മൾ പരിചയപ്പെടുന്നത്.
ഫ്ലോട്ടിങ് ടെസ്റ്റ്
നിങ്ങളുടെ കയ്യിലുള്ള മാമ്പഴം വെള്ളത്തിൽ ഇട്ടു നോക്കുക എന്നതാണ് ആദ്യ വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആണെങ്കിൽ അവ പൊങ്ങി നിൽക്കുമെന്നും പ്രകൃതിദത്തമായ പഴമാണെങ്കിൽ അവ വെള്ളത്തിൽ താഴ്ന്നു നിൽക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനയ്ക്ക് ചെറിയ പരിധിയും ഉണ്ട്. കാരണം ചിലയിനം മാങ്ങകൾ സാന്ദ്രത കുറഞ്ഞതും വെള്ളത്തിൽ പൊങ്ങി നിൽക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ റീ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
മാമ്പഴത്തിന്റെ തൊലി പരിശോധിക്കുക
മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നത് അതിന്റെ തൊലി പരിശോധിക്കുകയാണ് മറ്റൊരു വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾക്ക് എല്ലായിടത്തും കടുത്ത നിറമായിരിക്കും. കടും മഞ്ഞ, കടും ഓറഞ്ച് നിറത്തിൽ കാണുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. അതുപോലെ ചില അവസരങ്ങളിൽ പഴുപ്പിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിളക്കവും തൊലിയിൽ നമുക്ക് കണ്ടുപിടിക്കാൻ പറ്റും.
മാമ്പഴത്തിന്റെ ഗന്ധം പരിശോധിക്കുക
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നതിനുള്ള മറ്റൊരു മാർഗമാണ് അതിന്റെ ഗന്ധം പരിശോധിക്കുക എന്നത്. സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് മാങ്ങയുടെ മണം തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.
കട്ടി പരിശോധിക്കുക
കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ കോശ ഭിത്തിയുടെ തകർച്ച കാരണം അതിന്റെ തൊലിയുടെയും മറ്റും ദൃഢത നഷ്ടപ്പെട്ടതായി കാണാം. അതുകൊണ്ടുതന്നെ തൊലി ആവശ്യത്തിലധികം നേർത്തതാണോ എന്ന് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.
ഇനി വീട്ടിലേക്ക് മാമ്പഴം എത്തുമ്പോൾ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.