തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ് ഘടകങ്ങളെയും ആണ് വിവരാവകാശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.
വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാനായി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ യൂണിറ്റുകളിലും ഇനി അപേക്ഷ നൽകാവുന്നതാണ്.
ഇതുപ്രകാരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ചു 248 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി നൽകേണ്ടതാണ്. സാധാരണ ഫയലുകൾ ആണെങ്കിൽ അഞ്ച് ദിവസത്തിനകം തന്നെ നടപടി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ പരാതിയുണ്ടെങ്കിൽ കുടുംബശ്രീ മിഷൻ ജില്ല കോ ഓർഡിനേറ്റർക്ക് അപ്പീൽ നൽകാവുന്നതാണ്. തുടർന്നും മറുപടി ലഭിച്ചില്ലെങ്കിൽ നേരിട്ട് വിവരാവകാശ കമ്മീഷനെയും സമീപിക്കാനാവും.