കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന പ്രശ്‌ന പരിഹാരങ്ങൾക്ക് മുൻഗണന നൽകി വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണമെന്ന് എം.കെ രാഘവൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി വുംലുന്മാങ് വുഅൽനാം, എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാമ്പ്‌വെൽ വിൽസൺ, എം.ഡി അലോക് സിങ് എന്നിവരോട് ആവശ്യപ്പെട്ടു.
കോഴിക്കോട് അടക്കം നാട്ടിലും വിദേശത്തുമായി വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്നത് വലിയ പ്രതിസന്ധികളാണ്. ക്രൂ റിസോഴ്‌സ് മാനേജ്‌മെന്റിനെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ അടുത്ത ദിവസങ്ങളിലും തുടരുമോ എന്ന ആശങ്ക ഉണ്ടെന്നും, നീതീകരിക്കാൻ ആകാത്ത സമീപനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും യാത്രക്കാർ നേരിടുന്നതെന്നും എം.പി മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിസാ കാലാവധി തീരുന്നവർ, അടിയന്തിരമായി തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവർ, പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ടവർ തുടങ്ങീ ഉടനെ യാത്ര നടത്തേണ്ടവരെ മുൻഗണനാ ക്രമം അനുസരിച്ച് മറ്റ് എയർലൈനുകളിൽ യാത്ര തുടരാനുള്ള സൗകര്യങ്ങളുൾപ്പടെ ആവശ്യമായ എല്ലാ സഹായങ്ങളും ഏർപ്പെടുത്തി നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ്, കാലിക്കറ്റ് എയർപോർട്ട് എയർലൈൻ ഓപ്പറേറ്റേഴ്‌സ് ചെയർമാൻ ഫാറൂഖ് ബാത, കാലിക്കറ്റ് എയർപോർട്ടിലെ വിവിധ എയർലൈൻ കമ്പനികളുടെ സ്റ്റേഷൻ മാനേജർമാർ എന്നിവരോട് ആവശ്യപ്പെട്ടതായി എം.പി അറിയിച്ചു.
യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ എയർപോർട്ട് ഡയറക്‌ടർക്കും എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർക്കും നിർദേശം നൽകിയിതായും എം.പി അറിയിച്ചു.