എസ്.എസ്.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം ബുധനാഴ്‌ച. വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റിലെ പി.ആർ.ഡിയിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം 99.70 ശതമാനത്തോടെ റെക്കോഡ് വിജയമാണ് എസ്.എസ്.എൽ.സിയിലുണ്ടായത്.
ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഫലപ്രഖ്യാപനം വ്യാഴാഴ്‌ച ഉച്ചക്ക് മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 4,41,120 പേർ ഹയർസെക്കൻഡറിയിലും 29,300 പേർ വൊക്കേഷനൽ ഹയർസെക്കൻഡറിയിലും പരീക്ഷയെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്ലസ് ടുവിന് 82.95 ശതമാനവും വി.എച്ച്.എസ്.ഇക്ക് 78.39 ശതമാനവും വിജയമുണ്ടായിരുന്നു.പ്രഖ്യാപനശേഷം വൈകീട്ട് നാലു മുതൽ പി.ആർ.ഡിയുടെ PRD LIVE മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഫലം ലഭ്യമാകും.
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in എന്നിവയിൽ പത്താം ക്ലാസ് ഫലം ലഭ്യമാകും. കൂടാതെ കൈറ്റിന്റെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. വ്യക്‌തിഗത ഫലത്തിന് പുറമേ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യു ജില്ലാതലങ്ങളിലുള്ള റിസൽട്ട് അവലോകനവും വിഷയാധിഷ്‌ഠിത അവലോകനങ്ങളും ലഭ്യമാകും. റിസൽട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട് ലഭിക്കും. ഗൂഗിൾ ആപ് സ്‌റ്റോറിൽ നിന്നാണ് Saphalam 2024 എന്ന ആപ് ഡൗൺലോഡ് ചെയ്യേണ്ടത്.