തൃശൂർ സംസ്കാരയും ബി.എം.സി ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ പൂരം അദാരി പാർക്ക് ഗ്രൗണ്ടിൽ മെയ് 17ന് നടക്കും. വൈകീട്ട് മൂന്നു മണി മുതൽ രാത്രി 11 മണി വരെയാണ് പൂരാഘോഷം. നാട്ടിൽനിന്നും പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും പൂരത്തിന്റെ മാറ്റുകൂട്ടാനെത്തും. ബഹ്റൈൻ സോപാനം വാദ്യ കലാസംഘം ഗുരു, മേളകലാരത്നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ നൂറിൽപരം വാദ്യകലാകാരന്മാർ ഒന്നിക്കുന്ന സിംഫണിയുമുണ്ടാകും.
മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമായി ഇരുവിഭാഗങ്ങളിലുമായി 10 ഗജവീരന്മാർ (ഫൈബർ) അണിനിരക്കും.
കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, കാവടിയാട്ടം, ചെറുപൂരങ്ങൾ, മഠത്തിൽവരവ്, പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, ഇരുന്നൂറിൽ പരം വർണകുടകളുമായി തിരുവമ്പാടി,പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. പൂരം അവസാനിക്കുന്നത് ഡിജിറ്റൽ വെടിക്കെട്ടോടുകൂടിയായിരിക്കും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.