ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം- എന്ന കെ. ശങ്കരൻ രചിച്ച പുസ്തകം മെയ് 19ന് മൂന്നുമണിക്ക് പൂക്കാട് എഫ്. എഫ്. ഹാളിൽ പ്രകാശനം ചെയ്യും.
രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി 1928- 29 മുതൽ 1942ലെ ഓഗസ്റ്റ് വിപ്ലവ കാലം വരെ ചേമഞ്ചേരിയെന്ന ഗ്രാമത്തിൽ നടന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും, പഴയ തലമുറയുടെ ഓർമ്മ പുതുക്കുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് പുസ്തക രചനയുടെ പിന്നില്ലെന്ന് ഗ്രന്ഥകർത്താവ് കെ. ശങ്കരൻ പറയുന്നു. 1930-ൽ കണ്ണൂർ സെൻറർ ജയിലിലെ മൈനർ ബ്ലോക്കിൽ തടവുകാരനായി അടയ്ക്കപ്പെട്ട
കാരോളി ഉണ്ണി നായരിൽ തുടങ്ങി 1942 കാലത്ത് മകൻ ശങ്കുണ്ണിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിൻ്റെ സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്നേഹികളെ, സമര പോരാളികളെ ഈ ചെറു ഗ്രന്ഥം അനുസ്മരിക്കുന്നു.
ഓഗസ്റ്റ് വിപ്ലവകാലത്ത് അഗ്നി ജ്വാല ഉയർത്തിയ, ലിഖിത ചരിത്രത്തിൽ ഇടം ലഭിക്കാതെ പോയ പോരാളികളും അനുസ്മരിക്കപ്പെടും .സമര സഖാക്കൾക്ക് ആവശ്യമായ സംരക്ഷണം നൽകി, രക്ഷാകവചം ഒരുക്കിയ ഒരു പ്രദേശത്തെ ജനങ്ങളും എവിടെയും അനുസ്മരിക്കപ്പെടാതെ പോയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പൊരുതി , ത്യജിച്ച ധീര ദേശാഭിമാനികളിൽ പലർക്കും ഒരു അംഗീകാരവും ആദരവും എവിടെ നിന്നും ലഭിച്ചിട്ടില്ല. ഈ പ്രദേശത്തു നടന്ന പോരാട്ടങ്ങൾക്കും ചരിത്രത്തിൽ അർഹമായ പരിഗണന ലഭിച്ചിരുന്നില്ല.
അരവിന്ദൻ്റെ ”ഉത്തരായന” ത്തിലും,വി.എ.കേശവൻ നായരുടെ “ഇരുമ്പഴികൾക്കുള്ളിലും”,
തിക്കോടിയൻ്റെ” അരങ്ങു കാണാത്ത നടനിലുമെല്ലാം” നിറഞ്ഞാടിയവരെ പുതുതലമുറ ആദരവോടെ സ്മരിക്കേണ്ടതുണ്ടെന്ന് കെ. ശങ്കരൻ പറഞ്ഞു.