കോട്ടയം: ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ തീരുമാനം. സീസണ്‍ തുടങ്ങുന്നതിന് മൂന്നു മാസം മുമ്പ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം.
കഴിഞ്ഞ മണ്ഡല- മകരവിളക്ക് വിളക്ക് തീര്‍ഥാടന കാലത്താണ് തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസിനും ദേവസ്വം ബോര്‍ഡിനും ബുദ്ധിമുട്ടുണ്ടാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം വലിയ രീതിയിലുണ്ടായ വിമര്‍ശനങ്ങളാണ് അധികൃതര്‍ നേരിട്ടത്.
സ്‌പോട്ട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.