അരളിച്ചെടി മനുഷ്യർക്ക് അത്ര സേഫ് അല്ലെന്ന് കാര്യവട്ടം ക്യാമ്പസിലെ സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ എ സിറിൽ. ഇലയിലും പൂവിലും കായിലും തണ്ടിലും വേരിലുമടക്കം വിഷാംശമുണ്ട്. പിങ്കും മഞ്ഞയും നിറത്തിൽ പൂവുള്ള അരളിയാണ് കേരളത്തിൽ വ്യാപകമായുള്ളത്. ഇവയിൽ രണ്ടിലും ഹൃദയത്തെ ബാധിക്കുന്ന വിഷമുണ്ട്. അരളി പ്രധാന പത്ത് വിഷച്ചെടികളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. കാർഡിനോലയിടുകൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം നോൺ – ഡിജിറ്റലിസ് കാർഡിയാക് ഗ്ലൈകോസൈഡാണ് ഇതിലുള്ളത്. അഞ്ച് ഗ്രാം ഇലയോ വേരോ കഴിക്കുന്നത് മരണത്തിന് കാരണമാകും. കഴിച്ചവരിൽ തലകറക്കം, ഛർദി, വയറിളക്കം എന്നിവയുണ്ടാകും. മരണത്തിനും കാരണമാകും. മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേപോലെ വിനാശകാരിയാണ്. കുതിരയെക്കൊല്ലുന്ന സസ്യം എന്ന അർഥത്തിൽ “കാജമാരക’ എന്ന പേരുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരളിച്ചെടി മരണകാരണമായിട്ടുണ്ട്. വേര് വർഷങ്ങൾക്കുമുമ്പ് ഗർഭച്ഛിദ്രത്തിന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.