പാഠപുസ്തകങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നവീകരിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി.യോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചു. നിലവില്‍ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചുമതലയുണ്ടെങ്കിലും ഇനിമുതല്‍ എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ നവീകരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
എല്ലാ അധ്യയനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്തവര്‍ഷവും അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ശാസ്ത്രസാങ്കേതിക മേഖലകളില്‍ അനുദിനം പുതിയ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പാഠപുസ്തകങ്ങള്‍ എല്ലാ വര്‍ഷവും പുതുക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാക്കും. പുതിയ പാഠ്യപദ്ധതി ചട്ടക്കൂനിനനുസൃതമായി എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.