കൊയിലാണ്ടി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവില്‍ കോഴിക്കോടും വടകരയിലുമാണ് കുടുംബകോടതിയുളളത്. കൊയിലാണ്ടി ഉള്‍പ്പടെയുളള പ്രദേശങ്ങളിലെ കേസുകള്‍ വടകര കുടുംബകോടതിയിലാണ് ഫയല്‍ ചെയ്യുന്നത്. വടകര കുടുംബകോടതിയില്‍ രണ്ടായിരത്തോളം കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഇതില്‍ അറുപത് ശതമാനം കേസുകള്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ നിന്നുളളതാണെന്ന് അഭിഭാഷകര്‍ പറയുന്നു.
കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ ജഡ്ജിയില്‍ നിന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി പുതുതായി ജില്ലയില്‍ കുടുംബ കോടതി അനുവദിച്ചാലും സംസ്ഥാന സര്‍ക്കാര്‍ തസ്തിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കണം. ജഡ്ജിയും ശിരസ്താറുമടക്കം പതിനഞ്ചോളം ജീവനക്കാർ കുടുംബ കോടതിയ്ക്ക് വേണം. മറ്റ് കോടതിയിലെ നിലവിലുളള ജീവനക്കാരെ പുനര്‍വിന്യസിച്ചും കോടതി പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്. നിലവില്‍ കുടുംബ കോടതിയുടെയും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും കേമ്പ് സിറ്റിംഗ് കൊയിലാണ്ടിയില്‍ നടക്കുന്നുണ്ട്. കുടുംബ കോടതി പെട്ടെന്ന് അനുവദിച്ചാല്‍ കോടതിയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് കക്ഷികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വടകരയിലേക്കുളള യാത്രാ ചെലവ് കുറയും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാനും കഴിയും.