കെ കെ ശൈലജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്തുവെന്ന് ഷാഫി പറമ്പിൽ

വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്തുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എംഎൽഎ. ഇന്ന് നോട്ടീസ് അയയ്ക്കുമെന്നും ഷാഫി പറമ്പിൽ റിപ്പോർട്ടറിനോട് പറഞ്ഞു. ഏത് വീഡിയോ ആയാലും തനിക്ക് മനസറിവില്ലാത്തതാണെന്ന് ഷാഫി വ്യക്തമാക്കി. ഇല്ലാത്ത വീഡിയോ ഉണ്ടെന്നാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പത്രസമ്മേളനത്തില്‍ വിവരിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പത്രസമ്മേളനത്തിലും നവമാധ്യമത്തിലും വ്യക്തിഹത്യ നടത്തി. ഇപ്പോൾ വീഡിയോ ഇല്ലെന്ന് പറഞ്ഞതിൽ സന്തോഷം. ആളുകളെ മിസ് ലീഡ് ചെയ്യാൻ തൻ്റെ പേരുപയോഗിച്ചു. താൻ വീഡിയോ ഉണ്ടാക്കി എന്ന തരത്തിൽ ബുദ്ധിജീവികൾ പോസ്റ്റിട്ടു. താനൊരിക്കലും അത്തരം കാര്യം ചെയ്യില്ല. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് വിജയിക്കാൻ വന്നയാളല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പലചാനലുകളും മണിക്കൂറുകൾ ചർച്ച നടത്തി. ഇല്ലാത്ത വീഡിയോയുടെ പേരിൽ താൻ എന്തൊക്കെ നേരിട്ടു? അമ്മയില്ലേ എന്ന് വരെ ചോദിച്ചു? വടകരയിൽ നടക്കുന്നത് സീരിയസ് പൊളിറ്റിക്കൽ ഫൈറ്റാണെന്നും വിദഗ്ദരുമായി ആലോചിച്ചായിരിക്കും നോട്ടീസ് അയയ്ക്കുകയെന്നും ഷാഫി വ്യക്തമാക്കി.

Leave a Reply

Your email address will not be published.