ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മൂസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പല്‍. ഇറ്റാലിയന്‍-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.
ഒരുവര്‍ഷം മുന്‍പാണ് എം.എസ്.സി.യുടെ മുംബൈയിലെ ഷിപ്പിങ് കമ്പനിയില്‍ ആന്‍ ടെസ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് കപ്പലിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടു. കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും വരുംദിവസംതന്നെ എല്ലാവരെയും മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ആന്‍ ടെസ ജോസഫ് കഴിഞ്ഞ ദിവസം വീട്ടുകാരോട് പറഞ്ഞിരുന്നു. കപ്പലിലുള്ളവരെല്ലാം സുരക്ഷിതരാണ്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവം ഉണ്ടായില്ല. മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ഭയമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഒരു സ്ത്രീയെന്ന പരിഗണന ലഭിച്ചിരുന്നു. ഇതാകാം മോചനം എളുപ്പമാകാന്‍ കാരണമെന്നും ടെസ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും വിദേശകാര്യമന്ത്രാലയവും എംബസിയും വിഷയത്തില്‍ ഇടപെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട്. എല്ലാവരോടും നന്ദി.