ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്.
മുള, ഓട, ഓല, പുല്ല് തുടങ്ങി പൂർണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബൂത്തിന്റെ മാതൃക കൗതുകകരമായി. തെരഞ്ഞടുപ്പിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അസി. കലക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പ്രതീക് ജയിൻ, എ.ഡി.എം അജീഷ് കെ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം, രാധാകൃഷ്ണൻ, വി ഹനസ് തുടങ്ങിയവർ പങ്കെടുത്തു.