തൃശ്ശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ ഗുരുവായൂർ ദേവസ്വം നന്ദനും പാറമേക്കാവ് കാശിനാഥനും എറണാകുളം ശിവകുമാറും. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇക്കുറി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിക്കൊണ്ട് തെക്കോട്ട് ഇറക്കത്തിന് ഗുരുവായൂർ നന്ദൻ നേതൃത്വം നൽകും. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള നാട്ടാനയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ സ്വകാര്യ അഹങ്കാരമായ നന്ദൻ.
വർഷങ്ങളായി പാറമേക്കാവ് ദേവസ്വം തൃശ്ശൂർപൂരത്തിന്റെ തെക്കോട്ടിറക്കത്തിന് നിറസാന്നിധ്യമായ നന്ദൻ പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് ദേവസ്വത്തിന്റെ കൗമാരക്കാരൻ ആയ കാശിനാഥനെയാണ് ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കേവലം 17 വയസ്സു മാത്രമുള്ള കാശിനാഥൻ ആനപ്രേമികൾക്കിടയിൽ എന്നും ശ്രദ്ധയെ ആകർഷിക്കുന്ന ഗജോത്തമനാണ്.
ഇത്തവണത്തെ പകൽ പൂരത്തിന് പാറമേക്കാവ് ദേവിയെ ശിരസ്സിലേറ്റുന്നത് കൊച്ചിൻ ദേവസ്വത്തിന്റെ നാട്ടാനച്ചന്തമായ എറണാകുളം ശിവകുമാറാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തൃശ്ശൂർ പൂരത്തിന്റെ വിളംബരം കുറിച്ചുകൊണ്ട് തെക്കേഗോപുര നട തള്ളിത്തുറന്ന് പൂരം വിളംബരം അറിയിച്ചിരുന്നത് എറണാകുളം ശിവകുമാർ ആയിരുന്നു.