മുചുകുന്നിലെ പ്രധാന ജലസ്രോതസ്സായ കടുക്കുഴിച്ചിറ സംരക്ഷിക്കാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ചിറയുടെ അടിഭാഗം കരിങ്കല്‍ കൊണ്ട് കെട്ടി ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയായി. ചിറയിലേക്ക് ഇറങ്ങാനുളള ചെങ്കല്‍ പടവുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിറയുടെ നാല് ഭാഗത്ത് ആകര്‍ഷകമായ കല്‍പ്പടവുകള്‍ നിര്‍മ്മിക്കും.
അതു കൂടാതെ ചിറയ്ക്ക് ചുറ്റും നല്ല വീതിയോട് കൂടി നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് പരമാവധി പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മഴ പെയ്താല്‍ ചിറ നിറഞ്ഞു കവിയും.ചിറയിലെ വെളളം വറ്റിച്ചും ചെളി എടുത്തുമാറ്റിയുമാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്. കേരള ലാന്റ് ഡെവലപ്‌മെന്റ് ബോര്‍ഡാണ് ചിറ നവീകരണത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്. മൂടാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സാണിത്. പണ്ടു കാലത്ത് മണ്‍പാത്ര നിര്‍മ്മാണത്തിനും ഓട് നിര്‍മ്മാണത്തിനുമായി വന്‍ തോതില്‍ കളിമണ്ണ് എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണിത്. കൃഷിയ്ക്കും മറ്റും ചിറയിലെ വെളളം വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു.
നിറയെ മത്സ്യങ്ങളും ഈ ജലാശയത്തിലുണ്ടായിരുന്നു. പിന്നീട് താമരവളളി പടര്‍ന്ന് കയറിയതോടെ ആര്‍ക്കും ഇറങ്ങാന്‍ കഴിയാതായി.
കടുക്കുഴി ചിറ നവീകരിക്കുന്നത് പ്രദേശത്തെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലിക്കാനും ഈ ജലാശയം ഉപയോഗപ്പെടുത്താം. കൃഷി ആവശ്യത്തിനും ഉപയോഗപ്പെടുത്താം. കുളത്തിന് ചുറ്റും നടപ്പാത ,ജോഗിങ്ങ് പാത്ത്,വിശ്രമ കേന്ദ്രം,ദീപാലംകൃതം എന്നിവയെല്ലാം ഒരുക്കും. അഞ്ച് ഏക്രയോളം വ്യാപിച്ചു കിടക്കുന്ന ജലാശയമാണിത്.