അടുത്ത കാലത്ത് മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും തീവണ്ടിയില്‍ കയറി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയില്‍ അതിഥി തൊഴിലാളി ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. എറണാകുളം മഞ്ഞുമ്മലില്‍ താമസിക്കുന്ന വിനോദ് കണ്ണനാണ് (48) അതി ദാരുണമായി കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ കൊടുംകുറ്റകൃത്യം ചെയ്ത പ്രതി ഒഡീഷ സ്വദേശി രജനീകാന്ത് രൺജിത്തിനെ പോലീസ് പിടികൂടി.
കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് ലഹരിവസ്തുകള്‍ ഉപയോഗിച്ച് ട്രെയിനില്‍ യാത്രചെയ്യുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റു യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ് ഇത്തരക്കാര്‍. തീവണ്ടിയിലെ ശുചിമുറിയില്‍ ഒന്നും രണ്ടും പേര്‍ ഒന്നിച്ചുകയറി മദ്യപിക്കുന്നതും പുകവലിക്കുന്നതും സ്ഥിരം ഏര്‍പ്പാടാണെന്ന് യാത്രക്കാര്‍ പറയുന്നു. പലവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാര്‍ പ്രതികരിക്കാന്‍ മെനക്കെടാറില്ല. റെയില്‍വേ പോലീസ് നിരീക്ഷണം ശക്തമാക്കിയാലെ യാത്ര സുരക്ഷിതമാകുകയുളളു.
കഴിഞ്ഞ വര്‍ഷം എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സിലുണ്ടായ ദാരുണ സംഭവം ആരും മറന്നിട്ടുണ്ടാവില്ല. ഉത്തരേന്ത്യക്കാരനായ ഒരു യുവാവ് പെട്രോളൊഴിച്ചു തീ കൊടുത്തപ്പോള്‍ കംപാര്‍ട്ട്‌മെന്റില്‍ തീ ആളി പടരുകയും ഒരു ചെറിയ കുഞ്ഞടക്കം നിരപരാധികളായ മൂന്ന് യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
തീവണ്ടി യാത്രക്കാര്‍ക്ക് നേരെ ഇതിനു മുമ്പും പലവിധത്തിലുളള അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരെ പുറത്ത് നിന്ന് കല്ലെറിയുക, പാളത്തില്‍ കല്ലും ഇരുമ്പ് കമ്പികളും കയറ്റിവെച്ച് തീവണ്ടി ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിക്കുക , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം എന്നിവ പലപ്പോഴും ഉണ്ടാകാറുണ്ട്.
റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ കൂടെ റിസര്‍വേഷന്‍ എടുക്കാത്തവര്‍ കയറി യാത്ര ചെയ്യുന്നത് വണ്ടിയില്‍ യാത്രക്കാര്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റത്തിന് ഇടയാക്കാറുണ്ട്. രാത്രി യാത്ര നടത്തുന്നവരാണ് ഏറെയും ടിക്കറ്റ് റിസര്‍വ്വ് ചെയ്യുക. ഇവരുടെ അടുത്ത് മറ്റ് യാത്രക്കാര്‍ വന്നിരിക്കുമ്പോള്‍ റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കണ്ണൂര്‍ നീലേശ്വരം റൂട്ടില്‍ മാവേലി എക്‌സ്പ്രസ്സില്‍ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുടെ സീറ്റില്‍ അനധികൃതമായി കയറിയ ഏതാനും സീസണ്‍ ടിക്കറ്റ് യാത്രക്കാരും ടി.ടിആറും തമ്മില്‍ വക്കേറ്റം ഉണ്ടാവുകയും ടി.ടി.ആറിനെ കയ്യേറ്റം ചെയ്ത സംഭവവുമുണ്ടായിരുന്നു. റിസര്‍വേഷന്‍ കോച്ചില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ടി.ടി.ആറിന് നേരെ ആക്രമണം.
ഏതാനും മാസം മുമ്പ് മാഹിയില്‍ നിന്ന് മദ്യപിച്ച സംഘം വണ്ടിയില്‍ കയറി മറ്റ് യാത്രികരെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. വണ്ടി കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ പ്രതിയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. രാത്രി യാത്രാസമയത്ത് മൊബൈല്‍ ഫോണ്‍ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കുക, ലൈറ്റിടുക, അനാവശ്യമായി ഇറങ്ങി നടന്ന് മറ്റ് യാത്രികരെ ശല്യം ചെയ്യുക എന്നിവയെല്ലാം കുറ്റകരമാണ്. എന്നാല്‍ ഇതൊന്നും കര്‍ക്കശമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് യാത്രികര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ യാത്രക്കാര്‍ ശീട്ടുകളിയില്‍ ഏര്‍പ്പെടുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. യാത്രക്കിടയില്‍ മദ്യപിക്കുന്നവര്‍ ഉണ്ടാക്കുന്ന ശല്യവും കൂടിവരികയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുളള റൂട്ട് ബസ്സുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് പോലെ തീവണ്ടികളിലും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകാത്ത തരത്തില്‍ ക്യാമറ സ്ഥാപിച്ചാല്‍ ഒരുപാട് കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയും. എലത്തൂരില്‍ തീവണ്ടി യാത്രികരെ പെട്രോള്‍ ഒഴിച്ച് പൊളളിച്ചതു പോലുളള കൊടും കുറ്റംകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ ഇതുമൂലം സാധിക്കും.
വടകര കണ്ണൂര്‍ റൂട്ടില്‍ മാഹിയില്‍ നിന്ന് വിദേശ മദ്യം കടത്തുന്നതിനും ചിലര്‍ തീവണ്ടിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. മാഹിയില്‍ നിന്ന് നന്നായി മദ്യപിച്ച് വണ്ടിയില്‍ കയറുന്നവര്‍ മറ്റ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. മൊബൈല്‍ ഫോണും ബാഗും കവരല്‍, പോക്കറ്റടി എന്നിവയും തീവണ്ടി യാത്രയിലെ നിത്യസംഭവങ്ങളാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട് യാത്രക്കാര്‍ കിടന്നുറങ്ങുമ്പോഴാണ് മോഷ്ടക്കള്‍ അവ കവരുക. മംഗളൂര് -ചെന്നൈ മെയിലില്‍ മൊബൈല്‍ ഫോണ്‍ കവര്‍ച്ച പതിവാണ്. ഒരവകാശം പോലെ പണപ്പിരിവ് നടത്തുന്ന ട്രാന്‍സ് ജെന്‍ഡര്‍ സംഘങ്ങളും ചെന്നൈ മെയിലില്‍ എപ്പോഴുമുണ്ടാവും.