കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള വൃദ്ധ ദമ്പതികൾ നടത്തുന്ന പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് അജ്ഞാതർ തീ വെച്ചു. കൊയിലാണ്ടി രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർന്നു കൊണ്ടിരിക്കുകയാണ്. ബൈക്ക് യാത്രക്കാർ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
നഗരം പിഷാരികാവ് ഉത്സവലഹരിയിൽ മുഴുകിയിരിക്കുമ്പോഴും കേരള ഫയർഫോഴ്സ് ജാഗ്രതയോടെ പ്രവർത്തിച്ചത് കാരണം വലിയൊരു ദുരന്തം ഒഴിവാക്കാൻ സാധിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. വേനൽ കടുക്കുന്നതോടുകൂടി മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പതിവാണ് . കഴിഞ്ഞ ദിവസം റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വലിയ തോതിലുള്ള തീപിടുത്തം ഉണ്ടായിരുന്നു. സന്ധ്യയോടു കൂടി തന്നെ വിജനമാകുന്ന കൊയിലാണ്ടിയുടെ പല പ്രദേശങ്ങളിലും ആളുകൾ പാഴ് വസ്തുക്കൾ എറിഞ്ഞ് പോവുകയാണ്.