തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അനേകം കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തായ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്ടവും പുറത്തുവന്നിട്ടില്ല. 1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്‌വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ് വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന. പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ‌്വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്പേയി, തയ്ച്‌ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ‌്വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.