വടകര: തെരഞ്ഞെടുപ്പിൻ്റെ ആഘോഷ പൊലിമ കൗതുകത്തോടെ നോക്കി നിന്ന വിദേശസഞ്ചാരിയായ യുവാവ് സ്വീകരണ കേന്ദ്രത്തിലെ താരമായി. ലോകം ആദരിച്ച സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറെ കാണാൻ യാത്രാമധ്യേ എത്തിയതാണ് അമേരിക്കൻ സഞ്ചാരി ഹാരി. തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് ഹാരിയുടെ അപ്രതീക്ഷിത വരവ്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് യുവാവ് സ്വീകരണത്തിൻ്റെ ഭാഗമായത്. ചുകന്ന നിറത്തിലുള്ള ടീച്ചറുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഉയർത്തി നിന്നതോടെ, ഹാരിയോടൊപ്പം പ്രവർത്തകർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. നവമാധ്യമങ്ങളിൽ ടീച്ചറുടെ പോസ്റ്റർ പ്രദർശിപ്പിച്ചു നിൽക്കുന്ന ഹാരിയുടെ ഫോട്ടോ തരംഗമായിട്ടുണ്ട്. കേരളത്തിൻ്റെ പ്രകൃതിയും ഇവിടുത്തെ മനുഷ്യരെയും ഏറെ ഇഷ്ടമാണെന്ന് ഹാരി പറഞ്ഞു.
