കൊയിലാണ്ടി: നാടകത്തിൻ്റെ പിന്നാലെ ഏറെ ദൂരം സഞ്ചരിച്ച ഒരു ഗ്രാമമാണ് നടുവത്തൂർ. ഇക്കാര്യത്തിൽ ഈ നാടിന് അര നൂറ്റാണ്ടിനപ്പുറത്തെ കഥകളുണ്ട് പറയാൻ. ആ പാരമ്പര്യം തുടർച്ചയായി കാത്തുസൂക്ഷിക്കുകയാണ് സ്വാതി തിയ്യേറ്റേഴ്സ് നടുവത്തൂരിലെ കലാകാരന്മാർ. സർക്കാർ സർവ്വീസിലുള്ളവരും സർവ്വീൽ നിന്ന് പിരിഞ്ഞവരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്ന മുപ്പതോളം പോരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.
70 ൽ പരം വേദികൾ പിന്നിട്ട , ‘ഇവൻ രാധേയനാണ് ‘ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന നാടകം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി വേദികളിൽ കളിച്ച ഈ നാടകം മഹാഭാരതത്തിലെ കർണ്ണൻ്റെ കഥയെ ഇതിവൃത്തമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിനു മുമ്പ് കളിച്ച വിഷകണ്ഠൻ, കൃഷ്ണായനം എന്നിവയും ഏറെ ശ്രദ്ധേയമായ നാടകമായിരുന്നു.
ഇതിലെ അണിയറ പ്രവർത്തകരും, നടൻമാരും നടികളുമെല്ലാം തന്നെ നാട്ടിൻ പുറത്തുകാരാണ്. ജില്ലയിലെ മികച്ച ജനപ്രിയ നാടകത്തിനുള്ള QFFK അവാർഡ് നേടിയ ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് എടത്തിൽ രവിയാണ്. ഒരു നാടകം അരങ്ങിലെത്തിക്കാൻ 5 ലക്ഷത്തോളം രൂപയാണ് ചെലവ്. രംഗത്ത് എത്തുന്നവർ പ്രതിഫലം വാങ്ങാതെയാണ് നാടകത്തിൽ അഭിയിക്കുന്നത്. സ്വന്തം കയ്യിൽ നിന്ന്
പണമെടുത്താണ് നാടകസംഘത്തിലെ ആളുകൾ മുതൽമുടക്ക് കണ്ടെത്തുന്നത്.
കഴിഞ്ഞ പത്ത് വർഷമായി നാടക ജൈത്ര നടത്തുന്ന സ്വാതി തിയ്യേറ്റേഴ്സ് അടുത്ത വർഷത്തെ സീസൺ മുന്നിൽ കണ്ട് സാമൂഹ്യ നാടകത്തിൻ്റെ റിഹേഴ്സൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ദിവസവും വൈകുന്നേരവും ഞായാറാഴ്ച ക്യാമ്പ് റിഹേഴ്സലും വെച്ചാണ് നാടകപരിശീലനം നടത്തുക. ശിവപ്രസാദ് ശിവപുരിയാണ് സ്വാതി രംഗത്ത് എത്തിക്കുന്ന മിക്ക നാടകങ്ങളുടെയും സംവിധായകൻ. അഭിനേതാക്കളിൽ ഏറെയും അധ്യാപകരാകയതു കൊണ്ട് ഞായറാഴ്ച കാലത്ത് തുടങ്ങുന്ന റിഹേഴ്സൽ രാത്രി ഏറെ വൈകിയും നീണ്ടു നിൽക്കും. നാടകത്തെ നെഞ്ചിലേറ്റി ജീവിതകാലമത്രയും കഴിച്ചു കൂട്ടാനുള്ള താൽപ്പര്യമാണ് പലരെയും ഈ രംഗത്ത് പിടിച്ചു നിർത്തുന്നത്.