ന്യൂഡല്‍ഹി: കടമെടുപ്പിന് അനുമതി തേടി കേരള സര്‍ക്കാര്‍ സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഓരോ സംസ്ഥാനത്തിനും കടമെടുക്കാവുന്ന പരിധി സംബന്ധിച്ച ഹര്‍ജിയാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുക. ഭരണഘടനയുടെ 293-ാം അനുച്ഛേദപ്രകാരമാണ് ഒരു സംസ്ഥാനത്തിന് എത്രത്തോളം കടമെടുക്കാം എന്ന് നിശ്ചയിക്കുന്നത്. 293-ാം അനുച്ഛേദം ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച ആറ് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി ഭരണഘടനാബെഞ്ചിന് വിടുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. നേരത്തെ, 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.