കൊയിലാണ്ടി: ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ അവസരമൊരുക്കി. വാർദ്ധക്യകാല അസുഖങ്ങൾ മൂലം വീടിൻ്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോയ 15 പേരാണ് ഉത്സവം കാണാൻ എത്തിയത്. ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ് പ്രവർത്തകർ വീടുകളിലെത്തി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് അവരെ ക്ഷേത്രത്തിൽ എത്തിച്ചത്. ദേവസ്വം ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികൾ ഇവരെ സ്വീകരിച്ചു. വീൽചെയറിൽ ക്ഷേത്രനടയിൽ ഇരുന്ന് തൊഴാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അഞ്ച് മണിക്ക് തുടങ്ങിയ കാഴ്ചശിവേലി കൺ കുളിർക്കെ കണ്ട് മനസ്സ് നിറഞ്ഞാണ് എല്ലാവരും മടങ്ങിയത്.
സുരക്ഷ പാലിയേറ്റിവ് ഭാരവാഹികളായ വി.ബാലകൃഷ്ണൻ, എ.പി.സുധീഷ്, കെ.ടി.സിജേഷ്, സി.ടി. ബിന്ദു, ഗിരീഷ് ബാബു, സജിൽ കുമാർ, കൗൺസിലർ വി.രമേശൻ , മേപ്പയിൽ ബാലകൃഷ്ണൻ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി.ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ, ബാലൻ നായർ, ഉത്സവാഘോഷ കമ്മറ്റി കൺവീനർ ഇ.എസ്.രാജൻ എന്നിവർ നേതൃത്വം നൽകി.