ആഹ്ലാദം, ഇത് മറക്കാനാവാത്ത അനുഭവം -മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ

/

എന്റെ മാന്ത്രിക ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ വേദികളിൽ ഒന്നായിരുന്നു ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ചരിത്ര പ്രധാനമായ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി, യുനെസ്കോ കോഴിക്കോട് നഗരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ്. ഉദ്ഘാടന ചടങ്ങിന് മുൻപുള്ള 45 മിനുട്ടോളം, സാഹിത്യവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മായാജാല പ്രകടനം നിറഞ്ഞ് കവിഞ്ഞ സദസ്സിന് മുൻപിൽ എളിയ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. പ്രശസ്തരായ എഴുത്തുകാരും, സാംസ്‌ക്കാരിക നായകൻമാരും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കൻമാരും, പത്രപ്രവർത്തകരും, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ, ഇരിപ്പിടം പോലുമില്ലാതിരുന്ന നൂറുകണക്കിന് സഹൃദയരും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിന് മുൻപിൽ ഇന്ദ്രജാല പ്രകടനം നടത്താൻ ഭാഗ്യമുണ്ടായി.

25 വർഷത്തിലധികമായുള്ള അനുഭവ പരിചയം (പിതാവ് ശ്രീധരൻ വിയ്യൂരിനൊപ്പവും) എനിക്ക് മാജിക്ക് മേഖലയിൽ ഉണ്ടെങ്കിലും, ഈ സവിശേഷമായ വേദിയിൽ നിൽക്കുമ്പോൾ ചെറിയ രീതിയിലുള ടെൻഷൻ ഉള്ളിൽ നന്നായി ഉണ്ടായിരുന്നു. പക്ഷേ നിറകയ്യടികളോടെ സദസ്സ് തീമാറ്റിക്കലായ മാജിക്കിനെ സ്വീകരിച്ചപ്പോൾ ഉള്ളിൽ തണുത്ത മഴ, തുടർന്ന് സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഉദ്ഘാടന വേദിയിൽ, മുഖ്യാതിഥികളോടൊപ്പം എം.ടി യുമായി ബന്ധപ്പെടുത്തിയ രണ്ട് മാജിക്ക്. കറുത്ത ഫോട്ടോ ഫ്രെയിമിൽ സന്തോഷത്തിന്റെ പൂവിതളുകളും, പ്രതീക്ഷകളുടെ വർണ്ണ കടലാസുകളും വിശിഷ്ടാതിഥികൾ ഒരുമിച്ച് വിതറിയപ്പോൾ ഫ്രെയിമിൽ തെളിഞ്ഞ് വന്ന എം.ടി.യുടെ മുഖം, വേദിയിലുള്ളവരും സദസും ഒരുപോലെ സന്താഷത്തോടെ സ്വീകരിച്ചു.

തുടർന്ന് എം.ടി യുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ആദ്യത്തെ താളിൽ ബഹു. മിനിസ്റ്റർ എം.ബി രാജേഷ് കയ്യൊപ്പ് ചാർത്തുകയും, ഒപ്പം ബഹു. മിനിസ്റ്റർ മുഹമ്മദ് റിയാസ് മാജിക്ക് വടി വീശുകയും ചെയ്തപ്പോൾ പുസ്തകത്തിൽ നിന്നും പറന്നുയർന്ന വെള്ളരി പ്രാവ്. സാധാരണ ചെയ്യുന്ന നോർമൽ ഷോകളേക്കാൾ സാഹിത്യ സംബന്ധിയായതിനാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ ഗൃഹപാഠവും, കുറച്ച് ചിലവേറിയ മുന്നൊരുക്കങ്ങളുമൊക്കെ വേണ്ടി വന്നെങ്കിലും,ഈ മഹത്തായ പരിപാടിയുടെ ഭാഗഭാക്കായി, ചിലവിനുള്ള കാശ് പോലും സ്വീകരിക്കാതെ കോർപ്പറേഷന് വേണ്ടി, കോഴിക്കോടിന് വേണ്ടി പ്രോഗ്രാം ചെയ്തപ്പോൾ അതിലേറെ നിർവൃതി.  വലിയ സന്തോഷം.

ഒപ്പം അസുഖകാരണങ്ങളാൽ എം ടി എത്താതിരുന്നതും, അദ്ദേഹത്തിന് മുൻപിലോ അല്ലെങ്കിൽ അദ്ദേഹത്തിനൊപ്പമോ മാജിക് ചെയ്യാൻ സാധിക്കാതിരുന്നതും വലിയ ദു:ഖമായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published.