രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥികൾ മൊഴി നൽകി. ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ലഭിച്ചതായി വിദ്യാർത്ഥകൾ പറഞ്ഞു.

പിടിയിലായ നിതീഷ് കുമാറും അമിതും ചേർന്ന് നീറ്റ് ചോദ്യപേപ്പർ ചോർത്താനാകുമെന്ന് തന്നോട് പറഞ്ഞതായാണ് യാദവേന്ദുവും വെളിപ്പെടുത്തി. ചോദ്യപേപ്പർ ആവശ്യമുള്ള നാലുപേർ തന്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു. അമിതും ആനന്ദും താനും ചേർന്ന് മേയ് നാലിന് മത്സരാർഥികൾക്ക് ചോദ്യപേപ്പർ നൽകി. 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു.

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റുചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പരീക്ഷയെഴുതിയ ഒമ്പത് വിദ്യാർഥികൾക്ക് നോട്ടീസും നൽകി. ക്രമക്കേടു നടത്താൻ സഹായിച്ചവർക്കു നൽകിയതെന്നു സംശയിക്കുന്ന ആറ് ചെക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകിയവർ 30 ലക്ഷം രൂപവരെ ആവശ്യപ്പെട്ടെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മൊഴി നൽകി.


