മാതൃഭൂമി തളിപ്പറമ്പ് ശാഖയിലെ സർക്കുലേഷൻ മാനേജറും ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ശിവൻ തെറ്റത്തിന്റെ ഒന്നാം ചരമവാർഷികം ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ “ആദരസ്മൃതി” എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ശിവൻ തെറ്റത്തിന്റെ രചനകൾ സ്നേഹപ്രവാഹമായിരുന്നെന്നും ബാലസാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി കൊണ്ടിരിക്കെ അദ്ദേഹത്തെ നഷ്ടപ്പെട്ടത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണാനന്തര കാലഘട്ടത്തിൽ മരണത്തിന് പ്രായപരിധിയില്ലെന്നും, അടുത്തകാലത്ത് യുവജനങ്ങളിൽ ഉൾപ്പെടെ സംഭവിക്കുന്ന മരണങ്ങൾ അതിന്റെ സൂചനയാണെന്നും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥ് മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ഫോറസ്റ്റ് ബുക്സ് ഭാരവാഹി സദാശിവൻ ഇരിങ്ങൽ (പയ്യന്നൂർ), ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെമ്പർ സുചിത്ര, സൗദാമിനി ടീച്ചർ, പങ്കജ ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശിവൻ തെറ്റത്തിന്റെ കൃതികൾക്ക് ആവശ്യമായ പ്രചാരം ലഭിക്കാത്ത സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് അവ പരിചയപ്പെടുത്തുന്നതിനായി ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മ കാഞ്ഞിലശ്ശേരി അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതി ‘കളിവഞ്ചി’ വിതരണം ചെയ്തു.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ യു.പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘കളിവഞ്ചി’ ആസ്വാദനക്കുറിപ്പ് രചനാ മത്സരത്തിൽ തനിഷ്മ പി.ഇ (ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ), ശ്രീലക്ഷ്മി ഡി.എസ് (ആന്തട്ട ഗവ. യു.പി സ്കൂൾ), ഐഷ സെൻഹ (ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ) എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. ആസിം യൂനസ്, അദാൻ ഷൗക്കത്ത്, ദേവാംഗന എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
ചരമദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സ്മൃതി വൃക്ഷത്തൈ വിതരണവും നടന്നു. രാധാകൃഷ്ണൻ ആർദ്രം, പ്രേമനാരായണൻ, ഡോ. എൻ.വി. സദാനന്ദൻ, ശിവദാസ് ചിത്രശില എന്നിവർ നേതൃത്വം നൽകി.
ജ്യോതിസ്സ് പ്രസിഡന്റ് ഹരിഹരൻ പൂക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാഴയിൽ ശിവദാസൻ സ്വാഗതവും ലീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
