അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ക്യാംപസില്‍ ശക്തമായ പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍. ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതര്‍ക്കെതിരെയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു പ്രതിഷേധം. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠനം ബഹിഷ്കരിച്ചു.
സമരത്തിനെത്തിയ വനിതാ പ്രവര്‍ത്തകയെ പൊലീസ് വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് പല അധ്യാപകരില്‍ നിന്നും മറ്റും താല്പര്യങ്ങള് കൈപ്പറ്റിയാണ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പൊലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്യു നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെഎസ്യു രൂക്ഷമായി വിമര്‍ശിച്ചു. ‘പിണറായി ഉറങ്ങുകയാണ്’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെഎസ്യു വ്യക്തമാക്കി. ആരോപണ വിധേയരായ റാം, സംഗീത എന്നീ അധ്യാപകരെ ഇനി കോളജില്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കെഎസ് യു നേതാക്കള്‍ പറഞ്ഞു.
