സംസ്ഥാനത്ത് ഏപ്രിൽ 14 വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും, പത്തനംതിട്ടയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരൊക്കെ പ്രത്യേക ജാഗ്രത പുലർത്തണം. പുറത്തേക്ക് പോകുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണെന്ന് അധികൃതർ അറിയിച്ചു.
